‘പകുതി വിലക്ക് സ്കൂട്ടർ തട്ടിപ്പ്’; ആനന്ദ് കുമാർ വഞ്ചിക്കുകയായിരുന്നുവെന്ന് റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, ‘ ഒരു ഉപദേശവും ചോദിച്ചിട്ടില്ല’
text_fieldsതിരുവനന്തപുരം: പകുതി വിലക്ക് സ്കൂട്ടർ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സംഘം തന്നെ ഉപദേശകനായി വെച്ച് വഞ്ചിക്കുകയായിരുന്നുവെന്ന് റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് സംശയിക്കുന്ന സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന്റെ ക്ഷണം സ്വീകരിച്ചാണ് ഉപദേശകനാകാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട രണ്ട് പൊതുസമ്മേളനങ്ങളിൽ സംബന്ധിച്ചുവെന്ന് രാമചന്ദ്രൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.
ഞാനുണ്ടായിരുന്ന മീറ്റിംങിൽ രാഷ്ട്രീയ നേതാക്കളുണ്ടായിരുന്നതായി ഓർമ്മയില്ല. ആനന്ദകുമാർ ഉണ്ടായിരുന്നു. അനന്തുകൃഷ്ണനാണ് പങ്കെടുത്ത രണ്ട് യോഗത്തിലും സ്വാഗതം പറഞ്ഞത്. സ്കൂട്ടറിന് പണം പിരിച്ചെന്ന് അറിഞ്ഞപ്പോൾ തന്നെ ആനന്ദ് കുമാറിന് കാര്യം ധരിപ്പിച്ചു. ഞാനില്ലെന്ന് പറഞ്ഞു. തുടർന്ന്, കഴിഞ്ഞ ജൂൺ, ജൂലൈയിലോ മറ്റോ തന്നെ ഞാനൊഴിയുന്നുവെന്ന് എഴുതികൊടുത്തു.
എൻ.ജി.ഒ വഴി തന്നെയാണ് പണം വാങ്ങിയതായി അറിഞ്ഞത്. നാളിതുവരെ തന്നോട് ഒര് ഉപദേശം ചോദിച്ചില്ല. റിട്ട. ജസ്റ്റിന്റെ പേര് ഉപയോഗിക്കുന്നതിലൂടെ നാട്ടുകാരുടെ വിശ്വാസ്യത നേടിയെടുക്കാനായിരിക്കും ക്ഷ്യമിട്ടതെന്നും രാമചന്ദ്രൻ പറഞ്ഞു.
ഇതിനിടെ, തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറെന്ന നിഗമനത്തിലാണ് പൊലീസ്. പകുതി വിലക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും വാങ്ങാൻ ആളുകൾ കൂട്ടമായി എത്തിയത് അവസരമായി കണ്ട്, കഴിഞ്ഞ ഫെബ്രുവരിയിൽ ആനന്ദ കുമാറിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്‍.ജി.ഒ കോൺഫെഡറേഷന്റെ ചുമതലയിൽ നിന്ന് ആനന്ദകുമാർ ഒഴിഞ്ഞ സാഹചര്യവും പരിശോധിക്കുന്നുണ്ട്. ഇതിനിടെ, തട്ടിപ്പിന്റെ അന്വേഷണത്തിന് കേന്ദ്ര ഏജൻസി വരുന്നു. ഇ.ഡി ഈ വിഷയത്തിൽ പ്രാഥമിക വിലയിരുത്തൽ നടത്തിയതായാണ് സൂചന.
പിടിയിലായ അനന്തുകൃഷ്ണൻ ആനന്ദകുമാറിന്റെ ബിനാമി ആണോ എന്നും പൊലീസ് പരിശോധിക്കുന്നു. എട്ടുമാസം കൊണ്ട് നാല് അക്കൗണ്ടുകളിലേക്ക് എത്തിയത് 500 കോടിയിൽ അധികം തുകയെന്നും കണ്ടെത്തി. തട്ടിപ്പിനായി രൂപീകരിച്ച എന്‍.ജി.ഒ കോൺഫെഡറേഷൻ സംഘടന ഭാരവാഹികൾക്ക് എതിരെയും അന്വഷണം ആരംഭിച്ചു. അനന്തുകൃഷണന്റെ കസ്റ്റഡി അപേക്ഷ മൂവാറ്റുപുഴ കോടതി ഇന്ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

