റോഡിലേക്കെത്തിയ ഫുട്ബാളിൽ തട്ടി സ്കൂട്ടർ മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക് -VIDEO
text_fieldsകോട്ടയം: ഈരാറ്റുപേട്ട തലപ്പലം പ്ലാശനാലില്‍ റോഡിലേയ്ക്ക് ഉരുണ്ടെത്തിയ ഫുട്‌ബാളില്‍ കയറി സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞു. അപകടത്തില്‍ തലപ്പലം സ്വദേശി വണ്ടാനത്ത് വീട്ടില്‍ നിത്യ, മാതൃസഹോദരിയുടെ മകന്‍ ഉള്ളനാട് സ്വദേശി ആദര്‍ശ് എന്നിവര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച നടന്ന അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
സമീപത്തെ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ പന്താണ് ഉയര്‍ന്നുപൊങ്ങി റോഡിലേക്കെത്തിയത്. റോഡിന് മറുവശം കെട്ടിടത്തിലെ ഭിത്തിയിലിടിച്ച പന്ത് തിരികെ റോഡിലേയ്ക്ക് ഉരുണ്ടെത്തി. വളവ് തിരിഞ്ഞെത്തിയ സ്‌കൂട്ടര്‍ പന്തില്‍ കയറിയാണ് അപകടം. റോഡില്‍ വീണ് ഇരുവര്‍ക്കും സാരമായി പരിക്കേറ്റു.
സ്ഥലത്തുണ്ടായിരുന്നവരും യാത്രക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. റോഡില്‍ ഉരഞ്ഞ് കൈകളില്‍ സാരമായി പരിക്കേറ്റു. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മടങ്ങി.

