തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതൽ ഒമ്പതു വരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച തുറക്കും. ഒരാഴ്ച ക്ലാസുകൾ ഉച്ചവരെയാകും പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ക്ലാസ് വൈകീട്ട് വരെ നീട്ടുന്ന കാര്യം കൂടുതൽ ആലോചനകൾക്കുശേഷമേ തീരുമാനിക്കൂ. മുൻ മാർഗനർദേശ പ്രകാരമായിരിക്കും ഷിഫ്റ്റ് സമ്പ്രദായം.
ഞായറാഴ്ച ഉന്നതതല യോഗം ചേർന്ന് മുഴുവൻ സമയ പ്രവർത്തനത്തെ കുറിച്ച് തീരുമാനിക്കും. ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി ചർച്ച നടത്തും. തയറെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമാകും മുഴുവൻ കുട്ടികളെയും സ്കൂളിൽ എത്തിക്കുക. നിലവിലെ രീതി പ്രകാരം ബാച്ചുകളാക്കി തിരിച്ച് പകുതി കുട്ടികൾ മാത്രം ക്ലാസിൽ എത്തുന്ന തരത്തിൽ ഉച്ചവരെയായിരിക്കും ക്ലാസുകൾ. ഓഫ് ലൈൻ ക്ലാസുകൾക്കൊപ്പം ഡിജിറ്റൽ ക്ലാസുകളും കാര്യക്ഷമമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.