അതിതീവ്ര മഴ മുന്നറിയിപ്പ്; വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
text_fieldsകൽപറ്റ: അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്‍ററുകൾ, സ്പെഷൽ ക്ലാസുകൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ അവധി നൽകി.
റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും വരും ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.
ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമാല്ല. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളും, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിതീവ്ര മഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ഒമ്പതു വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

