Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂൾ അവധിക്കാലം;...

സ്കൂൾ അവധിക്കാലം; മന്ത്രി ശിവൻകുട്ടിക്ക് പിന്തുണയുമായി വി.ടി. ബൽറാം, '60 ദിവസം ഒഴിവ് കൊടുക്കേണ്ടതുണ്ടോയെന്നും പരിശോധിക്കണം'

text_fields
bookmark_border
സ്കൂൾ അവധിക്കാലം; മന്ത്രി ശിവൻകുട്ടിക്ക് പിന്തുണയുമായി വി.ടി. ബൽറാം, 60 ദിവസം ഒഴിവ് കൊടുക്കേണ്ടതുണ്ടോയെന്നും പരിശോധിക്കണം
cancel

പാലക്കാട്: സ്കൂൾ അവധിക്കാലം മാറ്റുന്നത് സംബന്ധിച്ച ചർച്ചക്ക് തുടക്കമിട്ട വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. സ്കൂൾ അവധിക്കാലം നിലവിലെ ഏപ്രിൽ-മെയ് മാസങ്ങളിൽ നിന്ന് മാറ്റി ജൂൺ-ജൂലൈ ആക്കുന്നതിനേക്കുറിച്ച് മന്ത്രി തുടങ്ങി വെച്ച പൊതു ചർച്ചയെ സ്വാഗതം ചെയ്യുന്നുവെന്നും ഒരു മാറ്റത്തേക്കുറിച്ച് തീരുമാനമെടുക്കുന്നതിനു മുൻപ് വിശദമായ ചർച്ചയും അഭിപ്രായ സമന്വയവും സമൂഹത്തിൽ ഉണ്ടാവണം എന്ന വിദ്യാഭ്യാസ മന്ത്രിയുടെ തിരിച്ചറിവിനെ അഭിനന്ദിക്കുന്നുവെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

ചർച്ചകൾക്കായി വിഷയം പൊതുസമൂഹത്തിന് മുൻപിൽ മന്ത്രി അവതരിപ്പിച്ച് കഴിഞ്ഞതേയുള്ളൂ എന്നതിനാൽ ഈ ഘട്ടത്തിൽ സുചിന്തിതമായ അന്തിമാഭിപ്രായം പറയാൻ നമുക്കാർക്കും കഴിഞ്ഞെന്ന് വരില്ല. വിശദാംശങ്ങളും വാദങ്ങളും എതിർവാദങ്ങളും താത്പര്യത്തോടെ ഉറ്റുനോക്കുന്നുവെന്നും ബൽറാം പറയുന്നു. ഒറ്റയടിക്ക് രണ്ടുമാസം അഥവാ 60 ദിവസം ഒഴിവ് കൊടുക്കേണ്ടതുണ്ടോ എന്ന കാര്യത്തേക്കുറിച്ചും ചർച്ചയാവാമെന്നും ബൽറാം പറഞ്ഞു.

വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"സ്കൂൾ അവധിക്കാലം നിലവിലെ ഏപ്രിൽ-മെയ് മാസങ്ങളിൽ നിന്ന് മാറ്റി ജൂൺ-ജൂലൈ ആക്കുന്നതിനേക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി തുടങ്ങി വച്ചിരിക്കുന്ന പൊതു ചർച്ചയെ സ്വാഗതം ചെയ്യുന്നു.

ഇത്തരത്തിലുള്ള ഒരു മാറ്റത്തേക്കുറിച്ച് തീരുമാനമെടുക്കുന്നതിനു മുൻപ് വിശദമായ ചർച്ചയും അഭിപ്രായ സമന്വയവും സമൂഹത്തിൽ ഉണ്ടാവണം എന്ന വിദ്യാഭ്യാസ മന്ത്രിയുടെ തിരിച്ചറിവിനെ ആദ്യം തന്നെ അഭിനന്ദിക്കുന്നു. ഏകപക്ഷീയമായ തീരുമാനങ്ങൾ ആദ്യം തന്നെ എടുത്ത് പിന്നീടതിന്മേൽ വിവാദമുണ്ടാവുന്ന സാഹചര്യം വിദ്യാഭ്യാസ മേഖലയിൽ നല്ലതല്ല. വിദ്യാഭ്യാസ രംഗത്തുള്ള ഏതൊരു മാറ്റത്തിനും അക്കാദമികവും പ്രായോഗികവുമായ കാരണങ്ങൾ ഉണ്ടാവണം. അത് സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് ബോധ്യപ്പെടുന്ന തരത്തിൽ വിശദീകരിക്കാനും കഴിയണം.

ചർച്ചകൾക്കായി വിഷയം പൊതുസമൂഹത്തിന് മുൻപിൽ മന്ത്രി അവതരിപ്പിച്ച് കഴിഞ്ഞതേയുള്ളൂ എന്നതിനാൽ ഈ ഘട്ടത്തിൽ സുചിന്തിതമായ ഒരു അന്തിമാഭിപ്രായം പറയാൻ നമുക്കാർക്കും കഴിഞ്ഞെന്ന് വരില്ല. വിശദാംശങ്ങളും വാദങ്ങളും എതിർവാദങ്ങളും താത്പര്യത്തോടെ ഉറ്റുനോക്കുന്നു.

ഞാൻ ജവഹർ നവോദയ വിദ്യാലയത്തിലാണ് പ്ലസ് ടു വരെ പഠിച്ചത്. അവിടെ കേരള സ്ക്കൂളുകളിൽ നിന്ന് ഒരു മാസം വൈകി മെയ്-ജൂൺ മാസങ്ങളിലായിരുന്നു സമ്മർ വെക്കേഷൻ. നിലവിൽ അവിടെ രണ്ട് മാസം തികച്ച് വെക്കേഷൻ ഇല്ല, 50 ദിവസമേ ഉള്ളു എന്ന് തോന്നുന്നു. കേന്ദ്രീയ വിദ്യാലയങ്ങളിൽ ഈ വർഷം മെയ് 9 മുതൽ ജൂൺ 17 വരെയായിരുന്നു വെക്കേഷൻ, 40 ദിവസം മാത്രം. അതുകൊണ്ട് തന്നെ ഒറ്റയടിക്ക് രണ്ട് മാസം അഥവാ 60 ദിവസം ഒഴിവ് കൊടുക്കേണ്ടതുണ്ടോ എന്ന കാര്യത്തേക്കുറിച്ചും ചർച്ചയാവാമെന്ന് മന്ത്രിയുടെ ശ്രദ്ധയിൽക്കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ്.

ഗൾഫ് രാജ്യമായ യുഎഇയിൽ ഏപ്രിൽ ആദ്യത്തിൽ പുതിയ അക്കാദമിക വർഷം ആരംഭിക്കും. മൂന്ന് മാസത്തെ ആദ്യ ടേം കഴിഞ്ഞ് ജൂലൈ-ആഗസ്ത് മാസങ്ങളിലായി 8 ആഴ്ചയാണ് സമ്മർ വെക്കേഷൻ. ഡിസംബറിൽ 20 ദിവസത്തോളം വിന്റർ ഒഴിവും ഉണ്ടാവും. അക്കാദമിക് വർഷം അവസാനിക്കുന്ന മാർച്ച് അവസാനവും രണ്ടാഴ്ചയോളം ഒഴിവ് കുട്ടികൾക്ക് ലഭിക്കും.

ഏപ്രിൽ, മെയ് മാസങ്ങളിലിപ്പോൾ കേരളത്തിൽ ചുട്ടുപൊള്ളുന്ന വെയിലാണ് എന്നത് കാണാതിരിക്കരുത്. ഗൾഫ് രാജ്യങ്ങളെപ്പോലെ എയർ കണ്ടീഷൻ ചെയ്ത ക്ലാസ് മുറികളല്ലല്ലോ നമ്മുടെ പൊതുവിദ്യാലയങ്ങളിലുള്ളത്. കുട്ടികൾ പുറത്ത് കളിക്കുമ്പോൾ സൂര്യാഘാതം ഏൽക്കുന്ന തരത്തിലുള്ള അനുഭവങ്ങൾ ഇപ്പോൾത്തന്നെ ഉണ്ടാവാറുണ്ട്. രൂക്ഷമായ കുടിവെള്ളക്ഷാമം പല സ്ക്കൂളുകളിലും അനുഭവപ്പെടാറുണ്ട്. ഇതിനൊക്കെ തൃപ്തികരമായ പരിഹാരം കാണേണ്ടതുണ്ട്.

മഴ പെയ്താൽ/ പെയ്യുമെന്ന് പ്രതീക്ഷിക്കപ്പെട്ടാൽ ഉടൻ ഒരു ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും ഒറ്റയടിക്ക് അവധി പ്രഖ്യാപിക്കേണ്ടി വരുന്ന അവസ്ഥക്കും മാറ്റമുണ്ടാവണം. കൂടുതൽ ശാസ്ത്രീയമായി ഇതിൽ ഇടപെടാൻ കഴിയണം. മഴക്കാലമാണെങ്കിലും കുട്ടികൾക്ക് സുരക്ഷിതമായി സ്ക്കൂളിലേക്ക് വരാനും പോകാനും കഴിയുന്ന തരത്തിൽ നമ്മുടെ പൊതു സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും മെച്ചപ്പെടുത്താനും കഴിയേണ്ടതുമുണ്ട്.

ഏതായാലും മാറ്റങ്ങളേക്കുറിച്ച് ചർച്ച നടക്കട്ടെ. പ്രായോഗികമായ പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും ഉയർന്നുവരട്ടെ. ഗുണപരമായ ഇടപെടലുകൾ ഉണ്ടാവട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VT Balramschool vacationV SivankuttyKerala
News Summary - School vacation; VT Balram supports Sivankutty
Next Story