സ്‌കൂൾ സമയമാറ്റം: രേഖാമൂലം അറിയിച്ചിട്ടും സർക്കാർ പരിഗണിച്ചില്ല, സമരത്തിനൊരുങ്ങി സമസ്ത
text_fieldsകോഴിക്കോട്: സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി സമസ്ത. സമസ്ത മദ്രസ മാനേജ്മെൻ്റ് അസോസിയേഷന്‍റെ നേതൃത്വത്തിലായിരിക്കും സമരം. രേഖാമൂലം സർക്കാരിനെ കാര്യങ്ങൾ അറിയിച്ചിട്ടും വിഷയം പരിഗണിക്കാൻ സർക്കാർ ഇതുവരെ തയ്യാറാകാത്ത കൊണ്ടാണ് സമസ്ത പ്രതിഷേധത്തിനൊരുങ്ങുന്നത്.
വ്യാഴാഴ്ച കോഴിക്കോട് ടൗൺഹാളിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തുമെന്നും സ്കൂൾ സമയമാറ്റം മദ്രസ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും സമസ്ത മദ്രസ മാനേജ്മെൻ്റ് അസോ. ജനറൽ സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി പറഞ്ഞു. സ്‌കൂൾ സമയമാറ്റം സംബന്ധിച്ച് സർക്കാർ പ്രഖ്യാപനം നടത്തിയപ്പോൾ തന്നെ അത് മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും അതുകൊണ്ട് ഇക്കാര്യത്തിൽ ചർച്ച നടത്തി പുനപരിശോധന വേണമെന്നും സമസ്ത അടക്കമുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.
മാത്രമല്ല ഔദ്യോഗികമായി തന്നെ വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകുകയും ചെയ്തിരുന്നു. എന്നിട്ടും ഒരു ചർച്ചപോലും നടത്താത്ത സാഹചര്യത്തിലാണ് സമസ്ത സമരത്തിനിറങ്ങുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിയുടെ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

