സ്‌കൂള്‍ സമയമാറ്റം: പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും, അനുകൂലമല്ലെങ്കിൽ സമരം -സമസ്ത
text_fieldsമന്ത്രി ശിവൻകുട്ടി
കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാറുമായുള്ള ചര്‍ച്ചയില്‍ പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും അനുകൂല നടപടിയില്ലെങ്കില്‍ സമരം ശക്തമാക്കാനും സമസ്തയുടെയും പോഷക സംഘടനകളുടെയും ഏകോപനസമിതി യോഗം തീരുമാനിച്ചു.
സ്‌കൂള്‍ സമയം രാവിലെയും വൈകീട്ടുമായി അരമണിക്കൂര്‍ വര്‍ധിപ്പിക്കുന്നത് മൂലം മദ്‌റസ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. എന്നാൽ, സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിക്കുകയോ നിവേദനത്തിന് അനുകൂല തീരുമാനമുണ്ടാവുകയോ ചെയ്യാതിരുന്നതിനാലാണ് സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സമരപ്രഖ്യാപനം നടത്തിയത്.
ചർച്ചചെയ്യാമെന്ന് മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ സമസ്ത പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. അനുകൂല തീരുമാനമുണ്ടാകുന്നില്ലെങ്കില്‍ സമസ്തയുടെ എല്ലാ ഘടകങ്ങളും ഒന്നിച്ച് സമരം ശക്തമാക്കാനും യോഗം തീരുമാനിച്ചതായി ഏകോപനസമിതി കണ്‍വീനർ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം പരിഗണിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിയാണ് സര്‍ക്കാർ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗം ബഹാഉദ്ദീന്‍ നദ്‌വി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസർ ഫൈസി കൂടത്തായി, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ. അബ്ദുല്ല മാസ്റ്റര്‍ കോട്ടപ്പുറം, കെ.എച്ച്. കോട്ടപ്പുഴ, ഒ.പി. അഷ്‌റഫ്, റഷീദ് ഫൈസി വെള്ളായിക്കോട്, ഡോ. ബഷീര്‍ പനങ്ങാങ്ങര, സത്താര്‍ പന്തലൂര്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

