വിദ്യാര്‍ഥികള്‍ക്ക് ഇനി കൈത്തറി യൂനിഫോം
text_fieldsതിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് കൈത്തറി യൂനിഫോം സൗജന്യമായി നല്‍കുന്നതോടെ കൈത്തറി മേഖലക്ക് പുതിയ വിപണി ഉണ്ടാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളിലെ അഞ്ചാം ക്ലാസ് വരെയുള്ള സൗജന്യ കൈത്തറി സ്കൂള്‍ യൂനിഫോം വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പിണറായി.
എട്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് കൈത്തറി യൂനിഫോം വിതരണം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. പദ്ധതി ആരംഭിക്കാൻ കാലതാമസമുണ്ടായതിനാല്‍ ആവശ്യമായ തുണി ഉൽപാദിപ്പിക്കാനാവില്ലെന്ന് മനസ്സിലായി. അതുകൊണ്ട് ഇപ്രാവശ്യം അത് പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് മാത്രമായി ചുരുക്കി.
എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് എല്ലാവര്‍ഷവും തുണി നല്കുമ്പോള് കൂടുതല്‍ തുണി ഉൽപാദിപ്പിക്കുകയും കൂടുതല്‍ തൊഴിലാളികള്‍ കടന്നുവരികയും ചെയ്യും. അതുകൊണ്ടുതന്നെ ഇനിയുള്ള ഘട്ടം കൈത്തറി മേഖലയുടെ അഭിവൃദ്ധിയുടെ നാളുകളായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
