സ്കൂൾ തുറക്കൽ ഉടനടി സാധ്യമാകില്ല; മന്ത്രിയുടേത് 'ആഗ്രഹ പ്രകടനം'
text_fieldsതിരുവനന്തപുരം: കേന്ദ്രസർക്കാറിെൻറയും കോവിഡ് വിദഗ്ധ സമിതിയുടെയും അനുമതി ലഭിച്ചാൽ സ്കൂളുകൾ തുറക്കുന്നത് ആലോചിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറയുേമ്പാഴും സംസ്ഥാനത്ത് ഉടനടി ഇത് സാധ്യമാകില്ലെന്ന് വിലയിരുത്തൽ.
കോവിഡ് രണ്ടാം തരംഗം ഇതുവരെ നിയന്ത്രിക്കാനായിട്ടില്ലെന്ന യാഥാർഥ്യം നിലനിൽക്കുേമ്പാഴാണ് സ്കൂളുകൾ തുറക്കുന്നത് ആലോചിക്കുന്നെന്ന ചർച്ചയും മന്ത്രിയുടെ നിയമസഭയിലെ പ്രതികരണവും വരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് താഴെ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല.
കർണാടകയിലും തമിഴ്നാട്ടിലും സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ വന്നതോടെയാണ് സ്കൂൾ തുറക്കാനുള്ള ചർച്ച ഉയരുന്നത്. ഉടനെ തുറക്കാനാകില്ലെന്ന തിരിച്ചറിവിലാണ് ഒാൺലൈൻ വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
സ്കൂൾതലത്തിൽനിന്ന് സർക്കാർ ശേഖരിച്ച കണക്ക് പ്രകാരം 4.71 ലക്ഷം വിദ്യാർഥികൾക്ക് മൊബൈൽ, ലാപ്ടോപ്, ടാബ്ലെറ്റ് ഇല്ലെന്ന് വ്യക്തമായി. ഇത് കണ്ടെത്തുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിദ്യാകിരണം പദ്ധതി ആരംഭിച്ചിട്ടുണ്ട്. വിവിധ രൂപത്തിൽ ഒാൺലൈൻ പഠനോപകരണങ്ങൾ കണ്ടെത്താനും ഇതിനുള്ള വിഭവ ശേഖരണം നടത്താനും ലക്ഷ്യമിടുന്നതാണ് പദ്ധതി.
കേരളത്തിൽ രണ്ടാംതരംഗം അവസാനിക്കാതിരിക്കുകയും നിയന്ത്രണ വിധേയമാക്കാൻ ബുദ്ധിമുട്ടുേമ്പാഴുമാണ് സ്കൂൾ തുറക്കാനുള്ള ചർച്ചകൾ. കോവിഡ് മൂന്നാംതരംഗം വൈകാതെയുണ്ടാകുമെന്ന മുന്നറിയിപ്പും നിലനിൽക്കുന്നു. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് സമീപകാലത്ത് ചർച്ചയോ നിർദേശങ്ങളോ സർക്കാർതലത്തിൽ ഉണ്ടായിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്.
അത്തരമൊരു ആലോചനക്ക് ടി.പി.ആർ നിരക്ക് 13 ശതമാനത്തിനു മുകളിൽ നിൽക്കുന്ന ഘട്ടത്തിൽ പ്രസക്തിയില്ലെന്നും ഇവർ പറയുന്നു. ഹയർസെക്കൻഡറിതലം ഉൾപ്പെടെ 45 ലക്ഷത്തോളം വിദ്യാർഥികളാണ് സ്കൂളുകളിൽ പഠിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

