സ്കൂൾ നാളെ തുറക്കും
text_fieldsതിരുവനന്തപുരം: രണ്ടു മാസത്തെ അവധിക്കു ശേഷം സ്കൂളുകൾ വെള്ളിയാഴ്ച തുറക്കും. നിപ വൈറസ് ബാധ മൂലം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സ്കൂളുകൾ തുറക്കുന്നത് ജൂൺ അഞ്ചിലേക്ക് നീട്ടിയിട്ടുണ്ട്. മൂന്നു ലക്ഷത്തിലധികം വിദ്യാർഥികൾ ഒന്നാം ക്ലാസിലെത്തും. കഴിഞ്ഞ വർഷം 3,16,023 വിദ്യാർഥികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്. ആറാം പ്രവൃത്തി ദിവസമായ ജൂൺ ഏഴിനായിരിക്കും കുട്ടികളുടെ കണക്ക് ശേഖരിക്കുക. തൊട്ടടുത്ത ദിവസം കുട്ടികളുടെ ഏറ്റക്കുറച്ചിൽ സംബന്ധിച്ച കണക്കും പുറത്തുവരും.
പാഠപുസ്തകം, യൂനിഫോം വിതരണം സ്കൂൾ തുറക്കുംമുമ്പ് നടത്താനായത് നേട്ടമായി. പൊതുവിദ്യാലയങ്ങളുടെ മുഖം മാറ്റുന്ന ഹൈടെക് സ്കൂൾ പദ്ധതി 34,500 ക്ലാസ്മുറികളിൽ പൂർത്തിയായി. 45,000 ക്ലാസ് മുറികളാണ് ഹൈടെക് ആകുന്നത്. അധ്യാപനത്തിനായുള്ള സമഗ്ര പോർട്ടലും ആപും തയാറായിക്കഴിഞ്ഞു. അധ്യാപക പരിശീലനവും െഎ.ടി പരിശീലനവും പൂർത്തിയായി. കാഴ്ച പരിമിതിയുള്ളവർക്ക് ബ്രെയിൽ ലിപിയിലുള്ള പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയായി.
200 അധ്യയന ദിവസങ്ങൾ ഉറപ്പാക്കിയുള്ള വിദ്യാഭ്യാസ കലണ്ടറും തയാറാക്കിയിട്ടുണ്ട്. ഒാരോ സ്കൂളുകൾക്കും അക്കാദമിക് മാസ്റ്റർപ്ലാനും തയാറാക്കിയിട്ടുണ്ട്. ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, മലയാളത്തിളക്കം തുടങ്ങിയ പഠനപദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നവും കുട്ടികൾ വർധിക്കുന്ന സ്കൂളുകളിൽ മതിയായ അധ്യാപകരെ നിയമിക്കാൻ കഴിയാത്തതും പ്രശ്നമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
