മികവിലേക്ക് ഒരുമിച്ച് മുന്നേറാം
text_fieldsഒട്ടേറെ സങ്കൽപങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളുമായി പുതിയ അക്കാദമിക വർഷത്തിൽ സ്കൂളിലേക്ക് കടന്നുവരുന്ന ഏവർക്കും സ്വാഗതം. പ്രത്യേകിച്ചും സന്തോഷത്തോടെയും അൽപം ആശങ്കയോടെയും എത്തുന്ന നവാഗതരായ കുഞ്ഞുങ്ങളെ അഭിമാനത്തോടെയും സന്തോഷത്തോടെയും സ്വാഗതംചെയ്യുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും സമൂഹത്തിനും ആഹ്ലാദകരമാകുംവിധം ഈ അക്കാദമിക വർഷത്തെ മികവിെൻറ വർഷമായി കൂട്ടായി പരിവർത്തിപ്പിക്കാം. അതിനായുള്ള മുന്നൊരുക്കങ്ങൾ സർക്കാർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം വാർഷിക പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് അവധി ആഘോഷിക്കാൻ പോകുന്ന കുട്ടികൾക്ക് ഈ അക്കാദമിക വർഷം പഠിക്കേണ്ട പുസ്തകങ്ങൾ മുൻകൂറായി നൽകുകയുണ്ടായി. പാഠപുസ്തകങ്ങൾ കിട്ടിയില്ല എന്ന മുറവിളി ഒരു പഴംകഥയാക്കി മാറ്റാൻ നമുക്ക് കഴിഞ്ഞു. പുതുവർഷത്തിൽ പുത്തൻ ഉടുപ്പണിഞ്ഞ് വരാൻ കഴിയുംവിധം യൂനിഫോം വിതരണം അവധിക്കാലത്തുതന്നെ നടത്തി.
പരീക്ഷകളടക്കമുള്ള വിലയിരുത്തലുകളിൽ മികവുള്ളവരാക്കി മാറ്റുക എന്നതോടൊപ്പം, ജീവിതത്തെയും അതിൽ ഉരുത്തിരിഞ്ഞുവരാവുന്ന പ്രതിസന്ധികളെയും ആത്്മവിശ്വാസത്തോടെ, അഭിമുഖീകരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന വിശാലലക്ഷ്യവും വിദ്യാഭ്യാസ മികവിെൻറ ഭാഗമായി വിഭാവനം ചെയ്യുന്നു. ഇതിന് സഹായകമാകുംവിധം വിദ്യാലയ അന്തരീക്ഷത്തെയും, പഠനപരിസരത്തെയും മതനിരപേക്ഷ ജനാധിപത്യമൂല്യം ഉൾച്ചേർന്നതാക്കാനുള്ള കർമപരിപാടികൾ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമാണ്.
ഹൈടെക് ക്ലാസ്മുറികൾ
മാനവരാശി കണ്ടെത്തുന്ന എല്ലാ അറിവും അതിെൻറ പ്രയോജനവും എല്ലാവർക്കും അനുഭവവേദ്യമാകണം എന്നതാണ് നമ്മുടെ നിലപാട്. ഈ നിലപാടിെൻറ പ്രായോഗിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് എല്ലാ ക്ലാസ് മുറികളെയും ഹൈടെക്കാക്കി മാറ്റുന്നത്. സുരക്ഷിതത്വവും, ആവശ്യമായ സൗകര്യങ്ങളും ഇനിയും ഉറപ്പാക്കാനുള്ള ക്ലാസ് മുറികൾ മാത്രമേ സെക്കൻഡറിതലത്തിൽ സാങ്കേതിക വിദ്യാസൗഹൃദ ക്ലാസ് മുറികൾ ആക്കി മാറ്റാൻ ബാക്കിയുള്ളൂ.
പ്രമറി തലത്തിലെ കുട്ടികൾക്കും സാങ്കേതികവിദ്യാ സഹായത്തോടെ പഠിക്കാനുള്ള അവസരം ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി ഈ വർഷം ബജറ്റിൽ 300 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇങ്ങനെ ക്ലാസ് മുറികൾ സാങ്കേതിക വിദ്യാസൗഹൃദമാകുമ്പോൾ അത് ഫലപ്രദമായി വിനിയോഗിക്കാൻ ആവശ്യമായ വിഭവങ്ങൾ വേണ്ടിവരും. അതിനായി സമഗ്ര വിഭവ പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്.
കാലത്തിനനുസൃതമായി സമൂഹത്തിെൻറ സൗന്ദര്യസങ്കൽപം മാറിയിട്ടുണ്ട്. ഈ മാറ്റം വേണ്ടത്ര പ്രതിഫലിപ്പിക്കാൻ സ്കൂൾ കെട്ടിടനിർമാണരംഗത്ത് കഴിഞ്ഞിരുന്നില്ല. എന്നാൽ, സാമ്പ്രദായിക രീതിയിൽനിന്ന് മാറി ആധുനിക സങ്കൽപത്തിനനുസൃതമായുള്ള കെട്ടിട നിർമാണമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി നടക്കുക. ഭൗതിക സൗകര്യവികാസവുമായി ബന്ധപ്പെട്ട് ഒന്നാം ഘട്ടമായി 208 വിദ്യാലയങ്ങളിലെ കെട്ടിടനിർമാണമാണ് നടക്കുന്നത്. ഇതിെൻറ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
500 കുട്ടികളിൽ കൂടുതലുള്ള മുഴുവൻസർക്കാർ വിദ്യാലയങ്ങളിലും ഭൗതിക സൗകര്യവികസനത്തിനായി അമ്പത് ലക്ഷത്തിനും ഒരു കോടിക്കും ഇടയിലുള്ള തുക വിനിയോഗിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. സമൂഹ പങ്കാളിത്തത്തോടെ ഓരോ സ്ഥാപനത്തിനും ആവശ്യമായ കെട്ടിടനിർമാണത്തിനുള്ള സാധ്യതയാണ് സർക്കാർ തുറന്നിടുന്നത്. കുട്ടികൾ ഏറെയില്ലാത്ത സർക്കാർ സ്കൂളുകളുടെ ഭൗതിക സൗകര്യവികസനത്തിനായി 170 കോടി രൂപയും വകയിരുത്തി.
ഭൗതിക സൗകര്യവികസനം കൊണ്ടുമാത്രം സ്കൂളുകൾ ഗുണമേന്മാ വിദ്യാഭ്യാസം ഒരുക്കുന്ന മികവിെൻറ കേന്ദ്രങ്ങളായി മാറണമെന്നില്ല. കുട്ടികൾക്ക് അവരവരുടെ കഴിവുകൾ കണ്ടെത്തി അത് ഉന്നതിയിലേക്ക് എത്തിക്കാനും പരിമിതികൾ കണ്ടെത്തി മറികടക്കാനും ആവശ്യമായ പഠനസന്ദർഭങ്ങൾ ഒരുക്കാൻ ഓരോ വിദ്യാലയത്തിനും കഴിയണം. അതോടൊപ്പം പ്രധാനമാണ് ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങളും സഹകരണ സഹവർത്തിത്വ മനോഭാവങ്ങളും അനുതാപവും കുട്ടികളിൽ വളർത്തിയെടുക്കുക എന്നത്.
കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും അന്തരീക്ഷതാപനത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചും ലോകസമൂഹം ഗൗരവമായി ചർച്ചചെയ്തുകൊണ്ടിരിക്കുന്നു. തോൽപിക്കുക, പ്ലാസ്റ്റിക് മലിനീകരണത്തെ (Beat Plastic Pollution) എന്നതാണ് ഈ വർഷത്തെ ലോകപരിസരദിന സന്ദേശം. കേരളത്തെ സംബന്ധിച്ച് ഏറ്റവും അർഥപൂർണമായ ഒരു സന്ദേശമാണിത്. സ്കൂളിലും, സ്കൂളിലൂടെയും ഈ സന്ദേശത്തെ പ്രായോഗികമാക്കാൻ കഴിയണം. അതുപോലെ പരിസരാവബോധം വളർത്താൻ നാം തുടങ്ങിെവച്ച ജൈവവൈവിധ്യ ഉദ്യാനങ്ങളെ മികവുള്ളതാക്കാനും നമുക്ക് കഴിയണം.
പ്രതിഭ വികസനം
ഓരോ കുട്ടിയുടെയും സർഗാത്്മകത കണ്ടെത്തി വികസിപ്പിക്കുക എന്നത് ഏറെ പ്രസക്തമാണ്. ടാലൻറ് ലാബ് എന്ന ആശയത്തെ പ്രാദേശിക വൈദഗ്ധ്യ സാധ്യതകൾകൂടി പ്രയോജനപ്പെടുത്തി അർഥപൂർണമാക്കി മാറ്റാൻ നമുക്ക് കഴിയണം. മുഴുവൻ കുട്ടികളുടെയും പ്രതിഭകളുടെ വികാസകേന്ദ്രമാക്കി സ്കൂളുകളെ പരിവർത്തിപ്പിക്കണം.
ഭാഷാവികസനത്തിന് തുടങ്ങിെവച്ച മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരിലി ഹിന്ദി എന്നിവ ആവശ്യമായ ഇടങ്ങളിൽ വ്യാപിപ്പിക്കാം. മൂന്നു ഭാഷകളിലും ആത്്മവിശ്വാസത്തോടെ ഇടപഴകാൻ കുട്ടികളെ സജ്ജമാക്കുക എന്നത് അതിപ്രധാനമാണ്.
ഓരോ കുട്ടിയുടെയും വികാസം മുന്നിൽകണ്ടുകൊണ്ടാണ് അക്കാദമിക മാസ്റ്റർ പ്ലാൻ തയാറാക്കിയത്. ഈ അക്കാദമിക മാസ്റ്റർ പ്ലാനിനെ കോ കരിക്കുലർ പ്രവർത്തനമോ എക്സ്ട്രാ കരിക്കുലർ പ്രവർത്തനമായോ കാണുന്ന അവസ്ഥ ചിലയിടങ്ങളിലെങ്കിലുമുണ്ട്. അക്കാദമിക മാസ്റ്റർ പ്ലാനിെൻറ ഫലപ്രദമായ പ്രയോഗവത്കരണമാണ് യഥാർഥത്തിൽ കരിക്കുലം പ്രവർത്തനം. ഈ ബോധ്യത്തോടെ അക്കാദമിക മാസ്റ്റർ പ്ലാനിനെ പ്രായോഗിക പ്രവർത്തന പദ്ധതിയാക്കി ഓരോ വിദ്യാലയവും മാറ്റണം.
ഇതിനാവശ്യമായ ധാരണകൾ അവധിക്കാല അധ്യാപകപരിശീലനത്തിെൻറ ഭാഗമായി നൽകിയിട്ടുണ്ട്. അക്കാദമിക മാസ്റ്റർ പ്ലാൻ ഓരോ സ്ഥാപനവും ഫലപ്രദമായി നടത്തുന്നു എന്നുറപ്പാക്കാനുള്ള ബാധ്യത വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്ക് ഉണ്ട്. ഒന്നാംവർഷം നാം പ്രശ്നാപഗ്രഥനം നടത്തി; രണ്ടാംവർഷം ആസൂത്രണഘട്ടമായിരുന്നു. അതോടൊപ്പം ഗുണമേന്മക്കായുള്ള പ്രവർത്തനങ്ങളും നടന്നു. ഈ അക്കാദമിക വർഷം പ്രയോഗത്തിെൻറതാണ്. അതുകൊണ്ടാണ് മികവിെൻറ വർഷമായി പ്രഖ്യാപിച്ചത്. പ്രഖ്യാപനം സാർഥകമാകണമെങ്കിൽ നമുക്കെല്ലാവർക്കും ഒത്തൊരുമിച്ച് മികവിനായി അണിചേരാൻ കഴിയണം. ഈ അണിചേരലിെൻറ പുതുദിനമാകട്ടെ ജൂൺ ഒന്നിെൻറ പ്രവേശനദിനം. കുട്ടികൾക്കാണെങ്കിൽ മികവാർന്ന പഠനത്തിനായുള്ള മുന്നേറ്റത്തിെൻറ തുടക്കവുമാകട്ടെ പ്രവേശനോത്സവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
