തിരുവനന്തപുരം: ഒന്നര വർഷത്തിലേറെ അടഞ്ഞുകിടന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാൻ ഇനി അഞ്ച് രാപ്പകൽ ദൂരം. 590 ദിനങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും തുറക്കുന്നത്. 2020 മാർച്ച് 20നാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റാൻ സർക്കാർ തീരുമാനമെടുക്കുന്നത്. ലോക്ഡൗണോടുകൂടി ഇത് സ്കൂളുകളുടെ സമ്പൂർണ അടച്ചിടലായി മാറി. ഇടക്ക് പരീക്ഷകൾ പൂർത്തിയാക്കാനും 2021ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ മുന്നൊരുക്കത്തിനായി കുട്ടികളെ കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെ സ്കൂളിൽ ബാച്ചുകളായി എത്തിച്ചിരുന്നു. അപ്പോഴും മറ്റ് ക്ലാസുകളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു.
2020 ജൂണിലും '21 ജൂണിലും സ്കൂളിൽ ഒാൺലൈൻ/ ഡിജിറ്റൽ പ്ലാറ്റ്ഫോമിലാണ് അധ്യയനം തുടങ്ങിയത്. ഇൗ രണ്ട് വർഷങ്ങളിലും ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ 6.83 ലക്ഷം വിദ്യാർഥികൾക്ക് നവംബർ ഒന്ന് ആദ്യ വിദ്യാലയ ദിനമായിരിക്കും. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെയും പത്ത്, 12 ക്ലാസുകളിലെയും കുട്ടികളാണ് ആദ്യഘട്ടത്തിൽ സ്കൂളിലെത്തുന്നത്.
സംസ്ഥാന സിലബസിലുള്ള സ്കൂളുകളിൽ 34 ലക്ഷം വിദ്യാർഥികളാണ് ഇൗ ഘട്ടത്തിൽ സ്കൂളിലെത്തുക. ഇതിന് പുറമെ സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ സിലബസുകളിലുള്ളവർ കൂടി ചേരുന്നതോടെ 40 ലക്ഷത്തോളം വിദ്യാർഥികളെങ്കിലും കേരളപ്പിറവി ദിനത്തിൽ വീണ്ടും സ്കൂൾ അനുഭവങ്ങളിലേക്ക് തിരിച്ചെത്തും.
ഒരു മാസത്തോളം നീണ്ട മുന്നൊരുക്കങ്ങൾ ബുധനാഴ്ചയോടെ പൂർത്തിയാക്കി സർവസജ്ജമാകാനാണ് െപാതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്കും മേൽനോട്ടം വഹിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്കും നിർദേശം നൽകിയിരിക്കുന്നത്.
മുഴുവൻ ജില്ലകളിലും ജില്ല ഭരണകൂടങ്ങളുടെ മേൽനോട്ടത്തിൽ സ്കൂളുകളിൽ പരിശോധന നടന്നുവരികയാണ്. ഭൂരിഭാഗം സ്കൂളുകളും ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി കലക്ടർമാർ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ശേഷിക്കുന്ന സ്കൂളുകളിൽ 27നകം ഒരുക്കങ്ങൾ പൂർത്തിയാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് നിർദേശിച്ചു.