തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥർ നൽകുന്ന സുരക്ഷ സര്‍ട്ടിഫിക്കറ്റോടുകൂടി മാത്രമേ നവംബർ ഒന്നിന് സ്കൂള്‍ തുറക്കാന്‍ പാടുള്ളൂവെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുട്ടികളുടെ സുരക്ഷിതത്വത്തിനും ആരോഗ്യത്തിനും തന്നെയാണ് സര്‍ക്കാര്‍ പ്രാധാന്യം കൊടുക്കുന്നത്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലുണ്ടായ മഴയിൽ ഏതെങ്കിലും സ്കൂളുകളില്‍ തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ആ കെട്ടിടത്തില്‍ ക്ലാസ് നടത്താന്‍ അനുവദിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സ്കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ കര്‍ശനമായി പാലിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാർഗരേഖ പരിശോധിച്ച് നടപടിയെടുക്കണം.
സ്കൂള്‍ തുറക്കുന്നതിനുമുമ്പ് സൗകര്യങ്ങളൊരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്തുള്ള സുരക്ഷിതമായ സ്കൂളുകളോ സ്ഥാപനങ്ങളോ കണ്ടെത്തി താൽക്കാലികമായി ക്ലാസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.