ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം: സ്കൂൾ മാനേജ്മെന്റ് അധികൃതരും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പ്രതികളാവും
text_fieldsതിരുവനന്തപുരം: തേവലക്കര ബോയ്സ് സ്കൂളിലെ മിഥുന്റെ മരണത്തിൽ കൂടുതൽ പേരെ പ്രതിയാക്കാനൊരുങ്ങി പൊലീസ്. സ്കൂൾ മാനേജ്മെന്റ് അധികൃതർക്കെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും കെട്ടിടത്തിന് ഫിറ്റ്നസ് നൽകിയ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറും പ്രതിയാവും. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയാണ് മിഥുന്റെ സംസ്കാരചടങ്ങുകൾ പൂർത്തിയായത്.
അതേസമയം, പുതിയ ലൈനുകൾ പണിയുന്നതും ലൈനുകളിൽ ശേഷി വർധിപ്പിക്കുന്നതുമായ എല്ലാ ജോലികൾക്കും സുരക്ഷിതമായ ഏരിയൽ ബഞ്ച്ഡ് കേബ്ൾസ് (എ.ബി.സി) ഉപയോഗിക്കണമെന്ന കെ.എസ്.ഇ.ബിയുടെ നിർദേശം കടലാസിലൊതുങ്ങിയത് കൊല്ലം തേവലക്കരയിലെ സ്കൂൾ വിദ്യാർഥിയുടേതടക്കം വൈദ്യുതിമരണങ്ങൾക്ക് കാരണമായി. നാലു വർഷം മുമ്പ് ഇറക്കിയ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് ഉത്തരവ് അവഗണിക്കപ്പെട്ടത് ഉന്നത ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥയാണ്.
പൊതുജനങ്ങളുടെ ദേഹത്ത് കമ്പി തട്ടി വൈദ്യുതാഘാതമുണ്ടാകുന്നത് ഒഴിവാക്കാൻ നിയോഗിച്ച സബ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2021 ജൂണിൽ മുഴുസമയ ഡയറക്ടർമാരുടെ യോഗം എ.ബി കേബിളുകൾ സാങ്കേതികമായും സാമ്പത്തികമായും നടപ്പാക്കാമെന്ന വിലയിരുത്തലിൽ നടപടിക്ക് നിർദേശിച്ചത്. 2021-2022 മുതൽ എല്ലാ സർവിസ്, മെയിൻ ലൈനുകളും എ.ബി.സിയാക്കണമെന്നായിരുന്നു ഉത്തരവ്.
സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കിയാണ് വിളന്തറയിലെ വീട്ടിലേക്ക് മിഥുന്റെ ഭൗതികശരീരം വിലാപയാത്രയായി എത്തിച്ചത്. രണ്ടുദിവസം മുന്‍പുവരെ ചിരിച്ചും കളിച്ചും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മിഥുന്റെ ചേതനയറ്റ ശരീരം കണ്ട് സഹപാഠികളും അധ്യാപകരും വിങ്ങിപ്പൊട്ടി. സ്കൂളിലെ എന്‍.സി.സി കേഡറ്റുകള്‍ റോഡ് മാര്‍ച്ച് നടത്തിയാണ് മിഥുനെ സ്കൂള്‍ മുറ്റത്തെത്തിച്ചത്. നൂറ് കണക്കിന് ആളുകളാണ് കരഞ്ഞും തേങ്ങലടക്കിയും മിഥുന് ആദരാജ്ഞലി അർപ്പിച്ചത്.
ശാസ്താംകോട്ട തേവലക്കര കോവൂര്‍ ബോയ്സ് സ്കൂൾ കെട്ടിടത്തോട് ചേർന്ന സൈക്കിള്‍ ഷെഡിന് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ കയറിയപ്പോഴാണ് വലിയപാടം മിഥുന്‍ഭവനില്‍ മനുവിന്റെ മകനുമായ മിഥുൻ (13) വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

