സ്കൂളുകളിൽ ഉച്ചഭക്ഷണ സംരക്ഷണ സമിതി; പ്രഭാത ഭക്ഷണ ആക്ഷൻ പ്ലാൻ തയാറാക്കും
text_fieldsതിരുവനന്തപുരം: സ്കൂളുകളിൽ പി.ടി.എ, എസ്.എം.സി, പൂർവ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപവത്കരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാകും സമിതി. നിലവിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 12,040 സ്കൂളുകളിൽ 2400 ഓളം സ്കൂളുകളിൽ പ്രഭാത ഭക്ഷണ പദ്ധതിയുണ്ട്. എറണാകുളം ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കൊപ്പം ഭാരത് പെട്രോളിയം കോർപറേഷന്റെ സഹായത്തോടെ കളമശ്ശേരി, എറണാകുളം, കൊച്ചി നിയമസഭ മണ്ഡലങ്ങളിൽ പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ മാതൃകയിൽ കൂടുതൽ സ്കൂളുകളിലേക്ക് പ്രഭാത ഭക്ഷണ പദ്ധതി വ്യാപിപ്പിക്കും. വലിയ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് കുട്ടികളുടെ ഭക്ഷണ പദ്ധതിയുമായി കൂട്ടിച്ചേർക്കാനാകുമോയെന്ന കാര്യം പരിശോധിക്കും. ഇതു സംബന്ധിച്ച ആക്ഷൻ പ്ലാൻ തയാറാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
ഉച്ചഭക്ഷണ വിതരണത്തിന് കേന്ദ്രവിഹിതം ലഭ്യമാക്കാനായി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയും, ഡയറക്ടറും കേന്ദ്ര സർക്കാറുമായി നേരിട്ട് ചർച്ച നടത്തിയിട്ടുണ്ട്. ഈ തുക ലഭിക്കുന്നതോടെ ആഗസ്റ്റിലെ കുടിശ്ശിക പൂർണമായും നൽകുമെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

