ഇതെന്തൊരു കൂത്ത്! 30 വർഷം മുമ്പ് അച്ഛന്മാരുടെ ഗുരു, ഇന്ന് മക്കളുടെയും
text_fieldsഗൗരാങ്ക് കൃഷ്ണനും എസ്. കൃഷ്ണനുണ്ണിയും രക്ഷിതാക്കൾക്കും ഗുരു പൈങ്കുളം നാരായണ ചാക്യാർക്കുമൊപ്പം
തൃശൂർ: മൂന്നു പതിറ്റാണ്ടിന്‍റെ ഇടവേളയിൽ ചാക്യാർകൂത്തിൽ മക്കൾക്കും പിതാക്കന്മാർക്കും ഒരേ ഗുരുവും ഒരേ കുഴിത്താളക്കാരിയും. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഹൈസ്കൂൾ വിഭാഗം കൂത്ത് വേദിയാണ് ഈ അപൂർവതക്ക് സാക്ഷിയായത്.
പത്തനംതിട്ടയെ പ്രതിനിധീകരിച്ച് കിടങ്ങൂർ എസ്.വി.ജി.വി.എച്ച്.എസ്.എസിൽ നിന്നെത്തിയ എസ്. കൃഷ്ണനുണ്ണിയും മലപ്പുറത്തെ പ്രതിനിധീകരിച്ച് മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിൽ നിന്നെത്തിയ ഗൗരാങ്ക് കൃഷ്ണനുമാണ് അപൂർവത കൊണ്ട് വേറിട്ടുനിന്നത്. ഇത്തവണയോടെ ഹൈസ്കൂൾ വിഭാഗം ചാക്യാർകൂത്തിൽ ഹാട്രിക് എ ഗ്രേഡാണ് കൃഷ്ണനുണ്ണിക്ക്. അതോടൊപ്പമാണ് ഈ അപൂർവ നേട്ടം.
കൃഷ്ണനുണ്ണിയെ കൂത്ത് പഠിപ്പിച്ചത് പൈങ്കുളം നാരായണ ചാക്യാരാണ്. ഇദ്ദേഹം തന്നെയാണ് മൂന്നു പതിറ്റാണ്ട് മുമ്പ് കൃഷ്ണനുണ്ണിയുടെ പിതാവ് ഡോ. ശ്രീഹരിയെയും കൂത്ത് അഭ്യസിപ്പിച്ചത്. 1996ൽ കോട്ടയത്തു നടന്ന 36ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭയുമായിരുന്നു ശ്രീഹരി.
അന്നത്തെ അദ്ദേഹത്തിന്‍റെ കൂത്തിന് കുഴിത്താളം ഇട്ടത് പൈങ്കുളം നാരായണ ചാക്യാരുടെ ഭാര്യ ലേഖ നങ്ങ്യാരായിരുന്നു. മുപ്പത് വർഷങ്ങൾക്കിപ്പുറം മകൻ കൃഷ്ണനുണ്ണിയുടെ കൂത്തിനും കുഴിത്താളമിട്ടത് ലേഖ നങ്ങ്യാർ തന്നെ.
പത്തനംതിട്ട കുളനട മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടറാണ് ശ്രീഹരി. ഇതേ ആശുപത്രിയിലെ ഡോക്ടറായ ഭാര്യ അശ്വതിയും കലാരംഗത്ത് സജീവമാണ്. ചാക്യാർകൂത്തിൽ എ ഗ്രേഡ് നേടിയ എട്ടാം ക്ലാസുകാരൻ ഗൗരാങ്ക് കൃഷ്ണനെയും മൂന്നര പതിറ്റാണ്ടിനപ്പുറം ഗൗരാങ്കിന്‍റെ പിതാവ് ഡോ. സഞ്ചു പാലശ്ശേരിയേയും ചാക്യാർകൂത്ത് അഭ്യസിപ്പിച്ചതും പൈങ്കുളം നാരായണ ചാക്യാരാണ്.
ഇരുവരുടെയും മത്സരത്തിൽ മൂന്നര പതിറ്റാണ്ടിന്‍റെ ഇടവേളയുണ്ടായിട്ടും ലേഖ നങ്ങ്യാർ തന്നെയാണ് കുഴിത്താളമിട്ടത് എന്ന അപൂർവതയുമുണ്ട്. 1989, 1990, 1991 വർഷങ്ങളിലെ കലോത്സവങ്ങളിൽ ചാക്യാർകൂത്തിൽ ഹാട്രിക് വിജയം നേടിയ ഡോ. സഞ്ചു റിട്ട. ലെഫ്റ്റനന്‍റ് കമാൻഡന്‍റും നിലവിൽ മമ്പാട് പി.എച്ച്.സിയിലെ മെഡിക്കൽ ഓഫിസറുമാണ്. ഇദ്ദേഹത്തിന്‍റെ ഭാര്യ ഹീരയും ശാസ്ത്രീയ നൃത്ത പ്രതിഭയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

