ഇൗ കുട്ടികൾ തകർത്തൂട്ടാ...
text_fieldsതൃശൂർ: ‘‘തകർക്കുകയാണല്ലോ ഗഡീ..., കളിയും കാര്യവും ചിരിയും കരച്ചിലുമെല്ലാം ഉണ്ടല്ലോ...’’ എല്ലാം ഒന്നിനൊന്നു മെച്ചം... ഹൈസ്കൂൾ വിഭാഗം നാടകമത്സരത്തിലേക്ക് ഒഴുകിയെത്തിയ ആസ്വാദകക്കൂട്ടം ഒരേ സ്വരത്തിൽ പറഞ്ഞു. സൂപ്പർ ഹിറ്റ് സിനിമക്കുപോലുമില്ലാത്ത തിരക്കായിരുന്നു നാടകവേദിയിൽ. വേദിയിലെത്തിയ ഓരോ നാടകവും വിഷയ വൈവിധ്യംകൊണ്ട് കൈയടി നേടി. മതത്തിെൻറ പേരിൽ മനുഷ്യനെ വേർതിരിക്കുന്ന വർത്തമാനകാലത്തെ കണക്കറ്റ് പരിഹസിക്കുന്ന നാടകങ്ങൾ നിറഞ്ഞ കൈയടി നേടി.
തൃശൂർ കുട്ടനെല്ലൂർ സെൻറ് അഗസ്റ്റിൻ എച്ച്.എസ്.എസിലെ വിദ്യാർഥികൾ പഴയ കലകളുടെ തിരിച്ചുവരവിെൻറ ആവശ്യകതയിലേക്ക് ‘കുന്നുകൾക്കപ്പുറം’ നാടകവുമായെത്തി. കിണറിനുള്ളിലെ ദൈവങ്ങളെക്കുറിച്ചാണ് പാലക്കാട് കാണിക്കമാത സ്കൂൾ ‘ആഴക്കിണർ’ വേദിയിലെത്തിച്ചത്. കിണർപോലെ ശുദ്ധമാകണം മനുഷ്യമനസ്സെന്ന സന്ദേശമാണ് മുന്നോട്ടുവെച്ചത്. നമ്മുടെ തൊടികൾ എന്നെന്നും നിലനിൽക്കണമെന്ന സന്ദേശത്തോടെ നർമത്തിൽ ചാലിച്ച് അവതരിപ്പിച്ച തിരുവങ്ങൂർ എച്ച്.എസ്.എസിെൻറ ‘എലിപ്പെട്ടി’ സദസ്സിൽ ചിരി പടർത്തി.
ചിഹ്നങ്ങളിലൂടെ മതസ്പർധ വർധിക്കുന്നതിനെക്കുറിച്ചാണ് മലപ്പുറം ചെറുകുളമ്പ ഐ.കെ.ടി എച്ച്.എസ്.എസിെൻറ ‘വിശുദ്ധ കോഴിക്കാട്ടം’ നാടകം. ജാതിയും മതവും തീർക്കുന്ന അതിർവരമ്പുകൾക്കിടയിൽ കുട്ടികളെ നല്ല മനുഷ്യനായി വളർത്തണമെന്ന ‘വർണപ്പെട്ടി’ നാടകവുമായാണ് കൊല്ലം ചടയമംഗലം എം.ജി എച്ച്.എസ്.എസ് വിദ്യാർഥികളെത്തിയത്. ആദിവാസി സമൂഹത്തിന് ഏതു തരത്തിലുള്ള ക്ഷേമപ്രവർത്തനമാണ് വേണ്ടതെന്ന സന്ദേശമാണ് തിരുവനന്തപുരം മടവൂർ എൻ.എസ്.എസ് എച്ച്.എസ്.എസ് വിദ്യാർഥികൾ അവതരിപ്പിച്ച ‘കറുമ്പി’ നൽകുന്നത്. ആസ്വാദകരെ പിടിച്ചിരുത്തുന്ന അവതരണമാണ് ഓരോ ടീമും നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
