‘ഒറ്റ’ കുതിപ്പിൽ നാടകം തൂക്കി വട്ടേനാട്
text_fieldsഹയർസെക്കൻഡറി നാടക മത്സരത്തിൽ എ ഗ്രേഡ് നേടിയ വട്ടേനാട് ജി.എച്ച്.എസ്.എസ് ടീം
തൃശൂർ: കലോത്സവത്തിൽ ഒന്നിനൊന്നു മികച്ചുനിന്ന ഹയർസെക്കൻഡറി നാടക മത്സരത്തിൽ പാലക്കാട് വട്ടേനാട് ജി.എച്ച്.എസ്.എസിന്റെ ‘ഒറ്റ’ എന്ന നാടകത്തിന് എ ഗ്രേഡ്. സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യം ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതാണ് നാടകം.
പി.വി. ഷാജികുമാറിന്റെ ‘ഒറ്റ’ എന്ന കഥയെ ആസ്പദമാക്കി അനീഷ് ശങ്കർ കോട്ടക്കലാണ് രചന നിർവഹിച്ചത്. ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയറ്റർ കേരള നാടകാവിഷ്കാരവും അഖിൽ, ഗാഥ ആർ. കൃഷ്ണൻ എന്നിവർ സംവിധാനവും നിർവഹിച്ചു.
കർഷക കുടുംബത്തിലെ അച്ഛനും മൂന്നു മക്കളുമാണ് നാടകത്തിലെ പ്രധാന കഥാപാത്രങ്ങൾ. കർഷകനായ അച്ഛന്‍റെ മരണശേഷം മൂത്ത രണ്ടു മക്കൾ രാഷ്ട്രീയക്കാരനായും കോർപറേറ്റ് ജോലിക്കാരനായും വളരുന്നു. ഇളയ മകൻ ഇവാൻ സാധാരണക്കാരന്‍റെ ശബ്ദത്തെ പ്രതിനിധീകരിക്കുന്നു.
ഭരണാധികാരികളും കോർപറേറ്റുകളും ചേരുന്ന കൂട്ടുകെട്ട് എങ്ങനെയാണ് അഴിമതികളിലൂടെയും കലാപങ്ങളിലൂടെയും രാജ്യത്തെ പൗരനെയും രാജ്യത്തെ തന്നെയും ഒറ്റപ്പെടുത്തി ചൂഷണം ചെയ്യുന്നതെന്ന് നാടകത്തിൽ കൃത്യമായി അടയാളപ്പെടുത്തുന്നു. യോഗേഷ്, നിഖിൽ സാൻ, സഞ്ജയ് ശങ്കരൻ എന്നിവരാണ് സംഗീതം. ഉമാ ശങ്കർ, വേദജ, മേധജ, ആർദ്ര, ആദിത്, ഋത്വിക്, അദ്നാൻ, സഹദ്, ആദർശ്, അഭിനവ് എന്നിവർ അഭിനേതാക്കളും. തുടർച്ചയായി രണ്ടാം തവണയാണ് ഹയർസെക്കൻഡറിയിൽനിന്നും വട്ടേനാട് സംസ്ഥാന കലോത്സവത്തിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

