സ്കൂൾ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിൽ വാർഡ് മെംബറെ ഉൾപ്പെടുത്തണമെന്ന് ഉത്തരവ്
text_fieldsതൃശൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ കാര്യാലയങ്ങളിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിൽ വാർഡ് മെംബറെ ഉൾപ്പെടുത്തണമെന്ന് ഉത്തരവ്. അർധ ജുഡീഷ്യൽ അധികാരമുള്ളതും ലൈംഗിക പീഡന പരാതികൾ കൈകാര്യം ചെയ്യുന്നതുമായ പ്രധാന സംവിധാനമായ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപവത്കരണത്തിനാണ് അസാധാരണ ഉത്തരവ് ഇറക്കിയത്.
ഉത്തരവിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. തൊഴിലിടങ്ങളിൽ വനിത ജീവനക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികൾ രൂപവത്കരിക്കാൻ നിർദേശിച്ചിരുന്നു. പത്തോ അതിൽ കൂടുതലോ പേർ പ്രവർത്തിക്കുന്ന സർക്കാർ -അർധ സർക്കാർ -എയ്ഡഡ് സ്കൂളുകൾക്ക് ഉൾപ്പെടെ ഇത് ബാധകമായിരുന്നു. കമ്മിറ്റിയുടെ ചെയർപേഴ്സൻ ഓഫിസിലെ സീനിയർ ഉദ്യോഗസ്ഥ ആയിരിക്കണമെന്നും അംഗങ്ങളിൽ പകുതിയിലധികവും വനിത ജീവനക്കാരാകണമെന്നും അതിൽ വാർഡ് മെംബർ/ കൗൺസിലറെ നിർബന്ധമായും ഉൾപ്പെടുത്തണമെന്നുമാണ് ഉത്തരവിൽ നിർദേശിക്കുന്നത്.
കമ്മിറ്റിയിൽ ആരൊക്കെ ഉണ്ടായിരിക്കണമെന്നത് സംബന്ധിച്ച് നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെയാണ് വകുപ്പുതന്നെ ഇന്നയാളെ ഉൾപ്പെടുത്തണമെന്ന നിർദേശം ഉത്തരവായി നൽകിയിരിക്കുന്നത്. അർധ ജുഡീഷ്യൽ അധികാരമുള്ള സമിതിയിലേക്ക് നിയമപ്രകാരമല്ലാതെ ആളുകളെ തിരുകിക്കയറ്റിയാൽ കമ്മിറ്റികളുടെ നടപടിക്രമങ്ങൾക്ക് നിയമസാധുതയുണ്ടാവില്ലെന്നും ലാഘവത്തോടെയാണ് ഉത്തരവിനെ സമീപിച്ചിരിക്കുന്നതെന്നും ഉത്തരവ് നിയമവിരുദ്ധമാണെന്നും പ്രമുഖ അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ അഡ്വ. സന്ധ്യ ജനാർദനൻ പിള്ള പറഞ്ഞു. വാർഡ് മെംബറും ഡിവിഷൻ കൗൺസിലറുമൊക്കെ മിക്കവാറും ഏതെങ്കിലും ഒരു പാർട്ടിയുടെ അംഗമായിരിക്കുമെന്നതിനാൽ സമിതിയുടെ ലക്ഷ്യം മാറി പ്രതികൾ രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടാകുമെന്ന് അഡ്വ. ആശ ഉണ്ണിത്താൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

