‘രണ്ട് ദിവസത്തിനുള്ളിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കും’; എസ്.എഫ്.ഐ സമ്മേളനത്തിന് സ്കൂൾ അവധി നൽകിയതിൽ പ്രതിഷേധിച്ച് ഡി.ഡി.ഇയെ കെ.എസ്.യു ഉപരോധിച്ചു
text_fieldsകോഴിക്കോട്: കോഴിക്കോട്ട് നടക്കുന്ന എസ്.എഫ്.ഐ ദേശീയ സമ്മേളനത്തിന്റെ റാലിയിൽ പങ്കെടുക്കാനായി വിദ്യാർഥികൾക്ക് അവധി നൽകിയ സംഭവത്തിൽ ഡി.ഡി.ഇയെ കെ.എസ്.യു ഉപരോധിച്ചു. പ്രവൃത്തി ദിവസമായ ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ഹയർസെക്കൻഡറി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗത്തിനാണ് വിദ്യാഭ്യാസ ചട്ടങ്ങൾക്ക് വിരുദ്ധമായി അവധി നൽകിയത്. ഹെഡ്മാസ്റ്ററുടെയും സ്കൂൾ അധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഡി.ഡി.ഇയെ ഉപരോധിച്ചു.
സ്കൂളിലെ ഹെഡ്മാസ്റ്റർ അടക്കമുള്ള അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധ സമരം. തുടർന്ന് ഡി.ഇ.ഒയോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുകയും മേൽഅധികാരികളുമായി കൂടിയാലോചിച്ച് രണ്ട് ദിവസത്തിനുള്ളിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കും എന്നുള്ള ഉറപ്പിലാണ് കെ.എസ്.യു പ്രവർത്തകർ ഉപരോധ സമരം അവസാനിപ്പിച്ചത്.
വിഷയത്തിൽ സ്കൂളിന് മുന്നിൽ കെ.എസ്.യു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എസ്.എഫ്.ഐയുടെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരു സ്‌കൂളിന് അവധി നല്‍കുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ല. ഇതുവഴി നിര്‍ബന്ധിതമായി വിദ്യാർഥികളെ രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് മറുപടി പറയണം. വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് പറഞ്ഞു.
പഠിപ്പ് മുടക്ക് സമരമാണെന്ന് കാണിച്ച് എസ്.എഫ്.ഐ പ്രവർത്തകരെത്തി നോട്ടീസ് നൽകിയതിനെ തുടർന്നാണ് അവധി നൽകിയതെന്നാണ് പ്രിൻസിപ്പൽ ടി. സുനിലിന്‍റെ വിശദീകരണം. എസ്.എഫ്.ഐ നേതാക്കളെത്തി ആവശ്യപ്പെട്ടത് പ്രകാരമാണ് അവധി നല്‍കിയതെന്ന് പ്രധാനാധ്യാപകന്‍ പറഞ്ഞു. വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം നിരസിക്കാന്‍ തനിക്ക് കഴിയില്ലെന്നാണ് പ്രധാനാധ്യാപകന്റെ വിശദീകരണം. അതേസമയം അനുമതിയില്ലാതെയാണ് സ്‌കൂളിന് അവധി നല്‍കിയതെന്നും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായും ജില്ല വിദ്യാഭ്യസ ഡയറക്ടര്‍ അറിയിച്ചു.
തിങ്കളാഴ്ച സ്‌കൂളിന് അവധി നല്‍കാൻ സാധ്യതയുണ്ടെന്ന് പ്രധാനാധ്യാപകന്‍ കഴിഞ്ഞദിവസം രക്ഷിതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ചിരുന്നു. 10.30 കഴിഞ്ഞതിന് ശേഷം സ്‌കൂള്‍ വിടുന്നില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ രക്ഷിതാക്കളും ഓട്ടോ ഡ്രൈവര്‍മാരും തിരിച്ചുപോകാവൂ എന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

