സഹപാഠിക്ക് ‘സ്നേഹവസന്തം’ പകർന്ന് പൂർവവിദ്യാർഥികൾ ഒരുമിച്ചു
text_fieldsതൊടുപുഴ: കലാലയങ്ങളുടെ ഇടനാഴികൾ അവിടെ നിന്നും പഠിച്ചിറങ്ങി കാലമെത്ര കഴിഞ്ഞാലും ഒാരോ വിദ്യാർഥിക്കും ഗൃഹാതുരതയുടെ ഒരുപിടി നനുത്ത ഒാർമകളാണ്. സൗഹൃദവും പിണക്കവും ഇടകലർന്ന പഠനത്തിരക്കുകൾ ഒന്നു കഴിഞ്ഞുകിട്ടണേയെന്ന് പഠിക്കുന്ന കാലത്ത് ആഗ്രഹിക്കുന്നവർ തന്നെയാണ് വളർന്ന് വലുതായശേഷം ആ കുട്ടിക്കാലം മതിയായിരുന്നു എന്ന് ചിന്തിക്കുന്നതും. ഇവിടെ 1976ൽ പ്രവർത്തനം ആരംഭിച്ച ഒരു സ്കൂളിെൻറ ചരിത്രത്തിലാദ്യമായി പൂർവവിദ്യാർഥികൾ ഒരുമിച്ചത് വെറുതെ ആയിരുന്നില്ല, തങ്ങൾക്കൊപ്പം പഠിച്ച സഹപാഠിയുടെ ചികിത്സ ധനശേഖരണാർഥമായിരുന്നു.
25 വർഷങ്ങൾക്കിപ്പുറം തൊടുപുഴക്കടുത്ത് മുതലക്കോടം സെൻറ് ജോർജ് ഹൈസ്കൂളിലെ എസ്.എസ്.എൽ.സി ബാച്ച് ‘സ്നേഹവസന്തം 93’എന്ന പേരിൽ ഒന്നുചേർന്നപ്പോൾ സാധ്യമായത് അവശ്യനേരത്ത് എവിടെനിന്നോ പൊട്ടിമുളച്ച നന്മയുടെ തണൽമരമായിരുന്നു. ഏകദേശം 90,000 രൂപയാണ് സഹായനിധിയിലേക്ക് ഇവരുടെ കൂട്ടായ്മ സമാഹരിച്ചത്. 116 പേരടങ്ങിയ 1993ലെ ആ പത്താംക്ലാസ് ബാച്ചിലെ 63 പേരെ ഒരുമിച്ചുകൂട്ടാനായി എന്നതുതന്നെ ഇവരുടെ സമർപ്പണത്തിന് തെളിവാണ്. രണ്ട് സഹപാഠികൾ ഒാർമകൾ അവശേഷിപ്പിച്ച് മരണമെന്ന അനിവാര്യതക്ക് കീഴടങ്ങിയതു മാത്രം സംഗമത്തിൽ ചെറുനൊമ്പരമായി മാറി. ഗൾഫിലുള്ള 20 പേരിൽ നാലുപേർ പരിപാടിയിൽ പെങ്കടുക്കാൻ മാത്രം സമയം കണ്ടെത്തി വന്നുചേർന്നതും സന്തോഷം പകരുന്നതായി.
2016 ആഗസ്റ്റിലാണ് ഗൾഫിൽ ജോലി ചെയ്യുന്ന ബിബിൻ ജോർജ് അഡ്മിൻ ആയി വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുന്നത്. പിന്നീട് പലർ വഴിയായി 84ഒാളം പേരുടെ നമ്പറുകൾ സംഘടിപ്പിച്ചു. വാട്സ്ആപ്പ് ഇല്ലാത്തവരടക്കം 110 പേരെ പലതവണയായി വിളിച്ച് ഒാർമിപ്പിച്ച് ഏപ്രിൽ ആറിന് ഉച്ചകഴിഞ്ഞ് മുതലക്കോടത്ത് സംഗമം നടത്തിയപ്പോൾ അന്ന് തങ്ങളെ പഠിപ്പിച്ച 17 അധ്യാപകരെ കൂടി പെങ്കടുപ്പിക്കാൻ സാധിച്ചു. 1991ൽ പെൻഷൻ പറ്റിയ അധ്യാപകൻ വരെ പെങ്കടുത്തു. സ്കൂളിലേക്ക് പ്രത്യേകം സ്േനഹോപഹാരവും പൂർവ വിദ്യാർഥികൾ സമർപ്പിച്ചു. 90ഒാളം വിദ്യാർഥികളിൽ മിക്കവരും അന്ന് പഠിച്ചിറങ്ങിയശേഷം ആദ്യമായി കാണുന്നതിനും സംഗമം സാക്ഷ്യം വഹിച്ചു. ചില അധ്യാപകർ വിദ്യാർഥികളുടെ പേര് പോലും മറക്കാതെ ഒാർത്തെടുക്കുകയുണ്ടായി.
സർക്കാർ ഉദ്യോഗസ്ഥർ, പൊലീസുകാർ, രാഷ്ട്രീയക്കാർ, മൗലവിമാർ, വൈദികർ ഉൾപ്പെടെ സമൂഹത്തിെൻറ വിവിധ മേഖലകളിൽ വളർന്നു പന്തലിച്ച ഇൗ വിദ്യാർഥിക്കൂട്ടായ്മ വർഷത്തിലൊരിക്കൽ സംഗമിക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് പിരിഞ്ഞത്. വിശേഷങ്ങളും ഓര്‍മകളും എത്ര പറഞ്ഞിട്ടും പലര്‍ക്കും തീരുന്നേയില്ലായിരുന്നു. മുതലക്കോടം പാരീഷ്ഹാളിൽ ചേർന്ന സംഗമം സ്കൂൾ മാനേജർ ഫാ.ജോസഫ് അടപ്പൂർ ഉദ്ഘാടനം ചെയ്തു. പൂർവിദ്യാർഥിയും സംഘാടകസമിതി ജന. കൺവീനറുമായ ഫാ. ബിജോ എൻ.ചാക്കോ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ ഷാജു മാത്യു മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. മുഹമ്മദ് അർഷദ്, അഷ്റഫ് മനാനി, ഹബീബ് മൗലവി. ബിബിൻ ജോർജ് തുടങ്ങിയവർ സംസാരിച്ചു. അന്നത്തെ അധ്യാപകരായ എ.കെ. മത്തായി, റോസ്ലിൻ വർഗീസ്, കെ.വി. എലിയാമ്മ, സിസ്റ്റർ ആലിസ് മരിയ, ബേബി ജോസഫ്, കെ.എ. ഫ്രാൻസിസ്, ചിന്നമ്മ വി.ജോർജ്, ആലമ്മ, ജോസഫ് മാത്യു, എം.വി. ജോസ്, മേരി, കെ.എ. മത്തായി, എം.കെ. തോമസ്, ജോർജ് കാരകുന്നേൽ, സൂസന്ന സെബാസ്റ്റ്യൻ എന്നിവരെ ആദരിച്ചു. ജീവകാരുണ്യ നിധി ഉദ്ഘാടനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
