സ്കൂൾ ഫിറ്റ്നസ് പരിശോധന: ജില്ലതല നോഡൽ ഓഫിസർമാരെ നിയമിക്കും
text_fieldsകൊല്ലം: സ്കൂളുകളിൽ അധ്യയന വർഷാരംഭവുമായി ബന്ധപ്പെട്ട ഫിറ്റ്നസ് പരിശോധനക്കായി ജില്ലതലത്തിൽ നോഡൽ ഓഫിസർമാരെ നിയമിക്കും. ഇക്കാര്യത്തിലെ പ്രധാനാധ്യാപകർ അനുഭവിക്കുന്ന പ്രതിസന്ധി ഒഴിവാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനം. സർക്കാരിന്റെ പ്രധാന വകുപ്പുകളടക്കം ആറുതലത്തിലെ ഉദ്യോഗസ്ഥർ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനാവൂ എന്ന ഡി.പി.ഐ ഉത്തരവ് പ്രധാനാധ്യാപകരെ പ്രതിസന്ധിയിലാക്കിയത് കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷം കൊല്ലം തേവലക്കരയിൽ വിദ്യാർഥി വൈദ്യുതാഘാതമേറ്റും മറ്റൊരു വിദ്യാർഥി പാമ്പുകടിയേറ്റും മരിച്ചതടക്കം വിവിധ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സ്കൂളുകൾക്ക് ഫിറ്റ്നസ് പരിശോധനക്ക് കടുത്ത നിബന്ധനകൾ വെച്ചത്.
തദ്ദേശ സ്ഥാപനങ്ങളിലെ അസി. എൻജിനീയർ മാത്രം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയിരുന്നതിന് പകരം വിവിധ വകുപ്പുകളുടെ കർശന പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം. മെഡിക്കൽ ഓഫിസർ, അഗ്നിരക്ഷ സേന വിഭാഗം, വനം വകുപ്പ്, പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം, ഗതാഗത വകുപ്പ്, പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയും പഞ്ചായത്ത് സെക്രട്ടറിയും മറ്റുമടങ്ങുന്ന സ്കൂൾ മോണിറ്ററിങ് കമ്മിറ്റി എന്നിങ്ങനെ വിവിധ വിഭാഗത്തിന്റെ പരിശോധനയും അവരുടെ സർട്ടിഫിക്കറ്റും ലഭിച്ചാൽ മാത്രം സ്കൂളിന് ഫിറ്റ്നസ് നൽകിയാൽ മതിയെന്നായിരുന്നു നിർദേശം.
ഇവർക്കെല്ലാം കത്ത് കൊടുത്തെങ്കിലും പല വകുപ്പും തങ്ങൾക്ക് ഇത്തരം നിർദേശം ലഭ്യമായില്ലന്ന് പറഞ്ഞ് കൈയൊഴിയുകയാണന്ന് പ്രധാനാധ്യാപകർ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലതലത്തിൽ എല്ലാ സ്കൂളുകളിലും പരിശോധന നടത്താൻ നോഡൽ ഓഫിസറെ നിശ്ചയിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. കലക്ടർക്കായിരിക്കും മേൽനോട്ടം. കലക്ടറേറ്റ് കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. ജൂൺ ഒന്നിന് മുമ്പ് നോഡൽ ഓഫിസറുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ച് റിപ്പോർട്ട് നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

