വിദ്യാലയങ്ങളിലെ ഫീസ് നിയന്ത്രിക്കാൻ സർക്കാറിന് അധികാരം –ഹൈകോടതി
text_fieldsകൊച്ചി: വിദ്യാലയങ്ങളിലെ ഫീസ് നിയന്ത്രിക്കാൻ സർക്കാറിന് അധികാരമുണ്ടെന്ന് ഹൈകോടതി. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിയമ നിർമാണത്തിനുള്ള സർക്കാറിെൻറ അധികാരം ഫീസ് നിയന്ത്രണവും കൂടി ഉൾപ്പെട്ടതാണ്. ഫീസ് നിയന്ത്രണത്തിന് എന്തു നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് സർക്കാറിന് തന്നെ തീരുമാനിക്കാം. സ്കൂൾ ഫീസ് വർധിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് എറണാകുളം ചേപ്പനം ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിറിലെ പത്താം ക്ലാസ് വിദ്യാർഥിയുടെ രക്ഷിതാവ് പൂച്ചാക്കൽ സ്വദേശി പി. അനിൽ കുമാർ ഉൾപ്പെടെ അഞ്ച് രക്ഷിതാക്കളും സ്കൂൾ മാനേജ്മെൻറും നൽകിയ ഹരജികളാണ് പരിഗണിച്ചത്.
ഫീസ് വർധിപ്പിച്ചതും കുട്ടികളുടെ മാർക്ക് ലിസ്റ്റ് നൽകാത്തതും ചോദ്യം ചെയ്ത് മുൻ പി.ടി.എ ഭാരവാഹികൾ കൂടിയായ രക്ഷിതാക്കൾ മാനേജ്മെൻറിനെതിരെ സമരത്തിലാണ്. അഞ്ച് കുട്ടികളെയും സ്കൂളിൽനിന്ന് പുറത്താക്കിയിരുന്നു. ബാലാവകാശ കമീഷനും ജില്ല കലക്ടറും ഇടപെട്ടത് ചോദ്യം ചെയ്ത് പ്രിൻസിപ്പലുൾപ്പെടെ മാനേജ്മെൻറും ഹരജി നൽകുകയായിരുന്നു. ഫീസ് വർധന ചോദ്യം ചെയ്തുള്ള സമരം സ്കൂൾ അന്തരീക്ഷത്തെ ബാധിക്കാത്ത തരത്തിൽ വേണ്ടിയിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഉത്തരവാദിത്ത ബോധം നഷ്ടപ്പെട്ട രക്ഷിതാക്കളുടെ സമരത്തെ അതേതരത്തിൽ മാനേജ്മെൻറും നേരിട്ടു. ഇരു വിഭാഗത്തിെൻറയും ഇൗഗോ തർക്കമാണ് യഥാർഥത്തിൽ നടന്നത്. കുട്ടികളുടെ ആത്മവീര്യം കെടുത്തുന്ന തർക്കങ്ങളിലേക്കാണ് ഇരുകൂട്ടരും കടന്നത്. കുട്ടികളുടെ താൽപര്യത്തിന് പകരം സാമ്പത്തിക താൽപര്യത്തിനാണ് മുൻതൂക്കം നൽകിയത്. ഇത്തരം ഏറ്റുമുട്ടൽ കുട്ടികളുടെ അവകാശത്തെ അപഹരിക്കുന്നത് അനുവദിക്കാനാവില്ല. സ്കൂൾ അധികൃതർ നിശ്ചയിച്ച ഫീസ് നൽകാൻ രക്ഷിതാക്കൾക്ക് കഴിയുന്നില്ലെങ്കിൽ കുട്ടികളെ പൊതു വിദ്യാലയങ്ങളിലേക്ക് മാറ്റാനാവും. ഇതിെൻറ പേരിൽ സ്കൂൾ പരിസരത്തെ സമരവും ധർണയും അനുവദിക്കാനാവില്ല.
ഇത്തരം സമരങ്ങൾക്കെതിരെ പൊലീസ് നടപടിയെടുക്കണം. കുട്ടികൾക്ക് നൽകുന്ന സൗകര്യത്തിനും സേവനത്തിനുമപ്പുറം ഉയർന്ന ഫീസ് ഇൗടാക്കുന്ന സ്കൂളുകൾ ലാഭം ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നതെന്നതിനാൽ സർക്കാറിന് ഇടപെടാം. ഫീസ് വർധനയുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കാൻ നിലവിൽ സംവിധാനമില്ല. ഫീസ് സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ സംവിധാനമില്ലാത്തതാണ് ഇത്തരം വിഷയങ്ങൾ കോടതികളിലെത്താൻ ഇടയാക്കുന്നത്. ഫീസ് നിയന്ത്രിക്കാനുള്ള സംവിധാനം സർക്കാർ ഉണ്ടാക്കണം.
വിദ്യാർഥികൾക്ക് നൽകുന്ന സേവനത്തിനും സൗകര്യത്തിനുമനുസരിച്ച് വേണം ഫീസ് നിശ്ചയിക്കേണ്ടത്. വിദ്യാലയങ്ങൾ എത്ര തുക ഫീസ് ഇൗടാക്കണമെന്ന് പറയാൻ കോടതിക്ക് കഴിയില്ല. ഒാരോ സ്കൂളിെൻറയും ഫീസ് നിയന്ത്രിക്കാനുള്ള സംവിധാനം പരിശോധിക്കാൻ സർക്കാറിനെയും കോടതി കക്ഷി ചേർത്തു. സ്കൂൾ അധികൃതർ നിർദേശിച്ച ഫീസ് നൽകാൻ തയാറാണെന്ന് രക്ഷിതാക്കൾ അറിയിച്ചതിനെ തുടർന്ന് അഞ്ച് വിദ്യാർഥികളെയും സ്കൂളിൽ പ്രവേശിപ്പിക്കാൻ ഇടക്കാല ഉത്തരവും നൽകിയ േകാടതി ഹരജി രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
