തൃശൂരിൽ സ്കൂളിന്റെ സീലിങ് തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം
text_fieldsതൃശൂരിൽ സ്കൂൾകെട്ടിടത്തിന്റെ തകർന്ന സീലിങ്
കൊടകര (തൃശൂർ): കോടാലി സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ ഓഡിറ്റോറിയത്തിനുള്ളിലെ സീലിങ് അടര്‍ന്നുവീണു. രണ്ടായിരത്തിലേറെ ചതുരശ്ര അടി വിസ്തൃതിയുള്ള ഓഡിറ്റോറിയത്തില്‍ ജിപ്‌സം ബോര്‍ഡുകൊണ്ട് നിര്‍മിച്ച സീലിങ്ങാണ് ബുധനാഴ്ച പുലര്‍ച്ചെ പൂര്‍ണമായി നിലംപൊത്തിയത്.
ഏതാനും ഫാനുകളും ഒടിഞ്ഞ് നിലംപതിച്ചു. വീഴ്ചയിൽ ഓഡിറ്റോറിയത്തിലുണ്ടായിരുന്ന കസേരകള്‍ തകര്‍ന്നു. ക്ലാസ് സമയമല്ലാത്തതിനാല്‍ വന്‍ ദുരന്തം വഴിമാറി. പ്രവൃത്തിസമയം ഇതിനുള്ളിൽ കുട്ടികള്‍ ഉണ്ടാവാറുണ്ട്. വിദ്യാലയത്തിലെ പരിപാടികള്‍ക്കു പുറമെ പഞ്ചായത്തുമായി ബന്ധപ്പെട്ട ക്യാമ്പുകളും പൊതുപരിപാടികളും നടക്കാറുള്ളതും ഈ ഓഡിറ്റോറിയത്തിലാണ്.
54 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച ഓഡിറ്റോറിയം 2023ലാണ് ഉദ്ഘാടനം നടത്തിയത്. കോസ്റ്റ് ഫോര്‍ഡിനായിരുന്നു നിര്‍മാണ ചുമതല. ഓഡിറ്റോറിയത്തിന്റെ ജി.ഐ ഷീറ്റുമേഞ്ഞ മേല്‍ക്കൂരയില്‍ നേരത്തേ ചോര്‍ച്ച ഉണ്ടായിരുന്നതായും അന്നത്തെ പി.ടി.എയും വിദ്യാലയസൗഹൃദ സമിതിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് അധികൃതര്‍ ചോര്‍ച്ച പരിഹരിക്കുകയും ചെയ്തിരുന്നതായി പറയുന്നു. വീണ്ടും ചോര്‍ച്ചയുണ്ടായതാകാം സീലിങ് അടര്‍ന്നുവീഴാന്‍ കാരണമായതെന്നാണ് സംശയിക്കുന്നത്. അതേസമയം, നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിനു കാരണമായതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
സംഭവം പരിശോധിക്കുമെന്ന് സ്ഥലത്തെത്തിയ കോസ്റ്റ്‌ഫോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം. ബാലകൃഷ്ണന്‍, ചാലക്കുടി എ.ഇ.ഒ പി.ബി. നിഷ, തൃശൂര്‍ ഡയറ്റ് ഫാക്കല്‍റ്റി ഡോ. പി.സി. നിഷ, കോസ്റ്റ് ഫോര്‍ഡ് പ്രോജക്ട് ഡയറക്ടര്‍ സ്‌കന്ദകുമാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ സ്ഥലത്തെത്തി.
നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഗുണനിലവാരം കുറഞ്ഞ സാമഗ്രികളാണ് നിര്‍മാണത്തിനുപയോഗിച്ചതെന്നും അഴിമതി നടന്നിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു. പ്രതിഷേധക്കാരെ പൊലീസ് എത്തി നീക്കി. അന്വേഷിച്ച് നടപടിയെടുക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ആവശ്യപ്പെട്ടു.
സമഗ്ര അന്വേഷണം വേണം -കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ
കോടാലി: സ്‌കൂളിലെ ഓഡിറ്റോറിയത്തില്‍ സീലിങ് ഇളകിവീണ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. സ്‌കൂള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു എം.എല്‍.എ. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചതായി എം.എല്‍.എ പറഞ്ഞു.
കലക്ടര്‍ റിപ്പോര്‍ട്ട് തേടി
കൊടകര: സീലിങ് ഇളകി വീഴാനിടയായതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും തദ്ദേശസ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

