സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ: ബാലാവകാശ കമീഷന്‍ ഉത്തരവ് കടലാസില്‍
text_fieldsമലപ്പുറം: സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന സംസ്ഥാന ബാലാവകാശ കമീഷന്‍െറ ഉത്തരവ് കടലാസിലുറങ്ങുന്നു. 2015 ഡിസംബര്‍ 29നാണ് വിഷയത്തില്‍ അടിയന്തര നടപടികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശിച്ച് കമീഷന്‍ ഉത്തരവിറക്കിയത്. എന്നാല്‍, സര്‍ക്കുലര്‍ ഇറക്കിയതല്ലാതെ വാഹന പരിശോധനകള്‍ക്കോ നടപടികള്‍ക്കോ മോട്ടോര്‍ വാഹനവകുപ്പോ വിദ്യാഭ്യാസ വകുപ്പോ ശ്രമിച്ചില്ല. ബസുകള്‍ ഉള്‍പ്പെടെ സ്കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് വര്‍ധിച്ച പശ്ചാത്തലത്തിലായിരുന്നു കമീഷന്‍െറ ഇടപെടല്‍.
ഇതെതുടര്‍ന്ന് ഈ അധ്യയന വര്‍ഷത്തിന്‍െറ തുടക്കത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ സ്കൂള്‍ ബസുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ 17 ഇന മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇത് പ്രത്യേക സര്‍ക്കുലറായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആഗസ്റ്റ് എട്ടിന് പ്രിന്‍സിപ്പല്‍മാര്‍ക്കും പ്രധാനാധ്യാപകര്‍ക്കും അയച്ചു. എന്നാല്‍, തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ല. ഏറെ പഴക്കം ചെന്ന, ഫിറ്റ്നസില്ലാത്ത വാഹനങ്ങള്‍ കുട്ടികളുമായി നിര്‍ബാധം സര്‍വിസ് നടത്തുന്നുണ്ട്.
ഓട്ടോറിക്ഷപോലുള്ള ചെറിയ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര നിരത്തുകളിലെ നിത്യകാഴ്ചയാണ്. ബാലാവകാശ കമീഷന്‍െറ സിറ്റിങ്ങുകളില്‍ ഇപ്പോഴും ധാരാളം പരാതികളാണ് ഇതുസംബന്ധിച്ച് ലഭിക്കുന്നത്. നിശ്ചിത വാഹനം ഓടിച്ച് ചുരുങ്ങിയത് പത്ത് വര്‍ഷ പരിചയമുള്ളവരെ മാത്രമേ ഡ്രൈവര്‍ ആക്കാവൂ എന്നതായിരുന്നു ഉത്തരവിലെ പ്രധാന നിര്‍ദേശം. വാഹനനിയമങ്ങള്‍ ലംഘിച്ചതിന് നടപടി നേരിട്ടവരെ ഡ്രൈവര്‍ ആക്കരുത്, എല്ലാ വാഹനങ്ങളും വേഗപ്പൂട്ട് സ്ഥാപിക്കണം, വാഹനത്തിന്‍െറ സുരക്ഷ സ്കൂള്‍ അധികൃതരോ പി.ടി.എ ഭാരവാഹികളോ ഇടക്കിടെ ഉറപ്പുവരുത്തണം തുടങ്ങി സുപ്രധാന നിര്‍ദേശങ്ങള്‍ ഇതിലുണ്ടായിരുന്നു.
സ്കൂള്‍ ബസുകളുടെ എന്‍ജിന്‍െറ കാര്യക്ഷമത, അടിത്തറയുടെ ഉറപ്പ്, ബ്രേക്കിന്‍െറ കാര്യക്ഷമത, വേഗപ്പൂട്ടിന്‍െറ പ്രവര്‍ത്തനക്ഷമത തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്താനും നിര്‍ദേശം നല്‍കിയിരുന്നു. വാടകക്കെടുത്ത വാഹനമാണെങ്കില്‍ ‘ഒണ്‍ സ്കൂള്‍ ഡ്യൂട്ടി’ എന്ന് പ്രദര്‍ശിപ്പിക്കണം, വാഹനങ്ങളില്‍ പ്രഥമശുശ്രൂഷ, അഗ്നിശമന സംവിധാനങ്ങള്‍ ഒരുക്കണം, സ്ഥാപനത്തിന്‍െറ പൂര്‍ണ വിവരങ്ങളും ഫോണ്‍ നമ്പറും രേഖപ്പെടുത്തണം, കുട്ടികളെ വാഹനത്തില്‍ കയറ്റാന്‍ ജീവനക്കാരനെ നിയമിക്കണം, ഒരു രക്ഷിതാവോ, അധ്യാപകനോ വാഹനത്തില്‍ ഉണ്ടാകണം, ഒരോ വിദ്യാര്‍ഥിയുടെ കൈവശവും വിലാസവും ഫോണ്‍നമ്പറും അടക്കമുള്ള വിവരങ്ങള്‍ ഉണ്ടാകണം, നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ ഇടക്കിടെ പരിശോധിക്കണം, നിയമലംഘനങ്ങള്‍ കണ്ടത്തെിയാല്‍ നടപടി സ്വീകരിക്കണം തുടങ്ങി 17 നിര്‍ദേശങ്ങളാണ് ഉത്തരവിലുണ്ടായിരുന്നത്.
സംയുക്ത പരിശോധന ഇന്ന് മുതല്‍
സ്കൂള്‍ ബസുകളുടെ സുരക്ഷ സംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പിന്‍െറ നേതൃത്വത്തില്‍ ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ പരിശോധന നടത്തും. മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ബസ് അപകടത്തിന്‍െറ പശ്ചാത്തലത്തിലാണ് നടപടി. പൊലീസിന്‍െറ സഹകരണത്തോടെയാണ് പരിശോധന നടത്തുക. അതിനിടെ, അപകടത്തെ കുറിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. എല്ലാ സ്കൂള്‍ വാഹനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍മാര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും ഡി.പി.ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.