എടപ്പാളിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്, ഒരു വിദ്യാർഥിയുടെ നിലഗുരുതരം
text_fieldsഎടപ്പാൾ: എടപ്പാൾ സംസ്ഥാന പാതയിൽ കണ്ടനകത്ത് നിയന്ത്രണംവിട്ട സ്കൂൾ ബസ് ചായക്കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. വിദ്യാർഥികളടക്കം നാലുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് 4.30ഓടെയാണ് അപകടം.
അപകടം നടന്ന സ്ഥലത്തിനടുത്തുള്ള വീട്ടുകാരൻ പാലേക്കാട്ട് വിജയനാണ് (66) മരിച്ചത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കണ്ടനകം യു.പി സ്കൂളിലെ വിദ്യാർഥികളായ ആരാധ്യ, അമേയ, അഭിഷേക്, കണ്ടനകം സ്വദേശി ഉണ്ണി എന്നിവർക്കാണ് പരിക്ക്. അമേയ, അഭിഷേക് എന്നിവരുടെ പരിക്ക് ഗുരുതരമായതിനാൽ ആദ്യം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു മണിക്കൂറോളം വാഹനത്തിനടിയിൽപെട്ട് കാലിന് ഗുരുതരമായി പരിക്കേറ്റ ഉണ്ണി എന്നയാളെ പൊലീസും ഫയർഫോഴ്സും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് രക്ഷപ്പെടുത്തി എടപ്പാളിലെ ഹോസ്പിറ്റലിൽ എത്തിച്ചു.
എടപ്പാൾ ദാറുൽ ഹിദായ സ്കൂളിന്റെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തിൽപെട്ടത്. സ്ഥലത്ത് രണ്ടുമണിക്കൂറോളം ഗതാഗതതടസ്സം നേരിട്ടു.
മരിച്ച വിജയന്റെ മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ. പൊലീസ് നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പോട്ടൂർ മോഡേൺ സ്കൂൾ അധ്യാപിക രജനിയാണ് വിജയന്റെ ഭാര്യ. മക്കൾ: അഭിഷേക്, വിജിന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

