സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന സംഭവം: കോർപ്പറേഷന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുണ്ടോയെന്ന് പരിശോധിക്കണം വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: അട്ടക്കുളങ്ങര സർക്കാർ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ സംഭവത്തിൽ പ്രതികരണവുമായി മുൻമന്ത്രി വി. ശിവൻകുട്ടി. സംഭവം അതീവ ഗൗരവകരമെന്ന് വി. ശിവൻകുട്ടി പറഞ്ഞു. ആളപായം സംഭവിക്കാത്തത് ആശ്വാസകരമാണെന്നും അപകടത്തിൽ സമഗ്രാന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെട്ടിടത്തിന് കോർപ്പറേഷന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.
അതേസമയം, മേൽക്കൂര തകർന്നുവീണതിൽ മുൻ മന്ത്രി മറുപടി പറയണമെന്ന് മേയർ വി.വി. രാജേഷ് ആവശ്യപ്പെട്ടു. മൂന്നു കോടി മുടക്കി പുതുക്കി പണിഞ്ഞതാണ് കെട്ടിടം. പൊളിച്ചുകളയേണ്ട കെട്ടിടത്തിന് എന്തിന് കോടിക്കണക്കിന് രൂപ ചെലവാക്കിയെന്നതിന് മറുപടി പറയണം. മൂന്നു കോടി പാഴാക്കിയതിൽ അന്വേഷണം വേണമെന്നും മേയർ വി.വി. രാജേഷ് ആവശ്യപ്പെട്ടു.
കെട്ടിടങ്ങളെല്ലാം കൃത്യമായി പരിശോധിച്ച ശേഷമാണ് കോർപ്പറേഷൻ ഫിറ്റ്നസ് നൽകുന്നത്. കുട്ടികൾ പഠിക്കേണ്ട കെട്ടിടങ്ങൾ പരിശോധിക്കാനാണ് സർക്കാർ നിർദേശം. പരിസര പ്രദേശങ്ങൾ പരിശോധിക്കേണ്ട കാര്യം നിർദേശത്തിൽ പറഞ്ഞിരുന്നില്ല. പൊളിഞ്ഞുവീണത് പരിസര പ്രദേശത്തെ കെട്ടിടമാണ്. സർക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്നും കോർപ്പറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടെന്നും വി.വി. രാജേഷ് വ്യക്തമാക്കി.
ഇന്ന് വൈകിട്ട് 5.15-ഓടെയാണ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണത്. സമഗ്ര ശിക്ഷ കേരളം ജില്ല പ്രോജക്ട് ഓഫിസ് കെട്ടിടമാണ് തകർന്നുവീണത്. ഉദ്യോഗസ്ഥർ മടങ്ങിയതിന് ശേഷമാണ് മേൽക്കൂര താഴേക്ക് പതിച്ചത്. അപകട സമയം ഉദ്യോഗസ്ഥരോ വിദ്യാർഥികളോ സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.
അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. സമഗ്ര ശിക്ഷാ കേരളം ജില്ല പ്രോജക്ട് ഓഫിസ് കെട്ടിടമാണ് തകർന്നത്. ഉദ്യോഗസ്ഥർ മടങ്ങിയതിന് ശേഷമാണ് മേൽക്കൂര താഴേക്ക് പതിച്ചത്. സ്കൂൾ പ്രവേശനോത്സവം നടന്ന ദിവസം തന്നെ ഇത്തരത്തിൽ അപകടം നടന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. തകർന്ന കെട്ടിടത്തിന്റെ സമീപത്തായാണ് വിദ്യാർഥികളുടെ ക്ലാസ് മുറികളുടെ കെട്ടിടവും സ്ഥിതി ചെയ്യുന്നത്. കാലപ്പഴക്കം കാരണമാണ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നതെന്ന് അഗ്നിരക്ഷാ സേന വ്യക്തമാക്കി. കെട്ടിടത്തിലുണ്ടായ നാശനഷ്ടത്തിൽ വ്യക്തതയില്ല. അവശിഷ്ടങ്ങൾ മാറ്റിയാൽ മാത്രമേ കണക്കെടുക്കാൻ കഴിയൂവെന്നും അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

