സ്കൂൾ ഓഡിറ്റോറിയം വിദ്യാർഥി ക്ഷേമത്തിനല്ലാത്തവക്ക് നൽകാനാവില്ലെന്ന് ഹൈക്കോടതി
text_fieldsകൊച്ചി: ഓഡിറ്റോറിയമടക്കം സ്കൂളുകളുടെ സൗകര്യങ്ങൾ വിദ്യാർഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികൾക്ക് വിട്ടുനൽകരുതെന്ന് ഹൈകോടതി. വിദ്യാഭ്യാസത്തിന്‍റെ ദേവാലയങ്ങളാണ് വിദ്യാലയങ്ങൾ. കുട്ടികളുടെ ബുദ്ധിവികാസമടക്കം അവരുടെ പൊതുവായ വളർച്ചക്ക് വേദിയാകേണ്ടിടമാണ് വിദ്യാലയങ്ങൾ. പൊതുസ്വത്തായതിനാൽ സർക്കാർ സ്കൂളുകൾ വിദ്യാഭ്യാസപരമല്ലാത്ത കാര്യങ്ങൾക്കുപോലും ഉപയോഗിക്കാമെന്ന സങ്കൽപം പഴഞ്ചനാണ്. കുട്ടികളെ മികച്ച പൗരന്മാരായി വളർത്താൻ കഴിയുംവിധം വിദ്യാഭ്യാസത്തിന്‍റെ അത്യുന്നതങ്ങളിലെത്തിക്കാൻ ശ്രമിക്കുന്ന ആധുനിക കാലത്ത് നമ്മുടെ ചിന്തകൾക്കും മാറ്റമുണ്ടാകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം മണ്ണന്തല ഗവ. സ്കൂൾ ഓപൺ ഓഡിറ്റോറിയം മതപരമായ ഒരു ചടങ്ങിന് വിട്ടുനൽകാത്ത പ്രധാനാധ്യാപികയുടെ നടപടി ചോദ്യം ചെയ്ത് എസ്.എൻ.ഡി.പി യോഗം മണ്ണന്തല ശാഖ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. സ്കൂൾ സമയത്തിന് ശേഷം പരിപാടി സംഘടിപ്പിക്കാനാണ് അനുമതി തേടിയതെന്നും കാരണമില്ലാതെയാണ് ആവശ്യം നിരസിച്ചതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. മറ്റ് പല സംഘടനകളുടെയും പരിപാടികൾക്ക് സ്കൂൾ മൈതാനം മുമ്പ് വിട്ടുനൽകിയതും ചൂണ്ടിക്കാട്ടി. എന്നാൽ, കുട്ടികളുടെ താൽപര്യങ്ങൾക്ക് വേണ്ടിയല്ലാതെ മറ്റൊന്നിനും സ്കൂളും സൗകര്യങ്ങളും ഉപയോഗിക്കാനാവില്ലെന്ന ഹൈകോടതിയുടെതന്നെ മുൻ ഉത്തരവുകൾ മുൻനിർത്തിയാണ് പ്രധാനാധ്യാപിക ഈ നിലപാട് സ്വീകരിച്ചതെന്ന് കോടതി വ്യക്തമാക്കി.
സാധാരണ കുട്ടികൾക്ക് പ്രവേശനം ലഭിക്കുന്നിടങ്ങളാണ് സർക്കാർ സ്കൂളുകൾ. ഈ കുട്ടികളെ സാധ്യമായത്രയും ഉന്നതിയിലെത്തിക്കുകയെന്നത് സർക്കാറിന്‍റെയും സമൂഹത്തിന്‍റെയും കൂട്ടുത്തരവാദിതത്തമാണ്. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ ഓരോ കുട്ടിക്കും ലഭ്യമാക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ.
സ്കൂളുകളുടെ, പ്രത്യേകിച്ച് സർക്കാർ സ്കൂളുകളുടെ സൗകര്യങ്ങൾ എങ്ങനെയാണ് വിദ്യാർഥികളുമായി ബന്ധമില്ലാത്ത പരിപാടികൾക്ക് അനുവദിക്കാനാവുകയെന്ന് ചോദിച്ച കോടതി, ഇക്കാര്യത്തിൽ ആലോചനകളും നടപടികളും ആവശ്യമാണെന്നും വ്യക്തമാക്കി.
കോടതിയുടെ അതേ നിലപാടാണ് പ്രധാനാധ്യാപിക സ്വീകരിച്ച നടപടിയിലും പ്രകടമാകുന്നതെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു. ഓഡിറ്റോറിയം മുമ്പ് മറ്റ് പരിപാടികൾക്ക് നൽകിയിട്ടുണ്ടെന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും പറഞ്ഞു. മുമ്പ് മറ്റ് പല പരിപാടികൾക്കും മൈതാനം അനുവദിച്ചുവെന്നത് അസ്വസ്ഥതയുണ്ടാക്കുന്നതായി വ്യക്തമാക്കിയ കോടതി ഇത് സംബന്ധിച്ച് റിപ്പോർട്ടും തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

