കലോത്സവം: കൗൺസിലർമാരെ കാഴ്ചക്കാർ മാത്രമാക്കിയെന്ന് പരാതി
text_fieldsകോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവ നടത്തിപ്പിൽനിന്ന് പ്രാദേശിക ജനപ്രതിനിധികളായ സ്ഥലം കൗൺസിലർമാരെ തഴഞ്ഞതായി പരാതി. കലോത്സവത്തിന്റെ മുഖ്യവേദികൾ സ്ഥിതിചെയ്യുന്ന വാർഡുകളിലെയൊന്നും കൗൺസിലർമാരെ പരിപാടിയുമായി ബന്ധിപ്പിക്കാൻ നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം സ്വന്തം വാർഡിൽ നടക്കുമ്പോൾ ഒരു കാര്യവും അറിയാത്ത അവസ്ഥയിൽ കൗൺസിലർമാർക്കിടയിൽ വ്യാപകമായ അസംതൃപ്തിയുണ്ട്. പല കൗൺസിലർമാരും ഇക്കാര്യം അധികൃതരെ അറിയിച്ചതായാണ് വിവരം. വേദികളുമായി ബന്ധപ്പെട്ട എന്തു പ്രശ്നത്തിനും ഓടിയെത്തേണ്ട കൗൺസിലർമാരാണ് കാര്യമൊന്നുമറിയാതെ കാഴ്ചക്കാരായി നിൽക്കുന്നത്.
ഭരണകക്ഷി, പ്രതിപക്ഷ ഭേദമില്ലാതെയാണ് കൗൺസിലർമാരോടുള്ള അവഗണന. തളി സാമൂതിരി ഹൈസ്കൂൾ, സാമൂതിരി ഗ്രൗണ്ട്, പരപ്പിൽ എം.എം ഹൈസ്കൂൾ തുടങ്ങി മേളയുടെ വലിയ വേദികളുള്ളത് ചാലപ്പുറം വാർഡിലാണ്. എന്നാൽ, ചാലപ്പുറം കൗൺസിലർ പി. ഉഷാദേവിയെ മേള നടക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
മാനാഞ്ചിറ മൈതാനം, ഗുജറാത്തി ഹാൾ, സംഘാടക സമിതി ഓഫിസുള്ള മാനാഞ്ചിറ ഡി.ഡി.ഇ ഓഫിസ് എന്നിവ വലിയങ്ങാടി വാർഡിലാണ്. ഇവിടത്തെ കൗൺസിലർ എസ്.കെ. അബൂബക്കറിനെ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനച്ചടങ്ങിന് പോലും ക്ഷണിച്ചില്ല. ഈ വാർഡിലെ ടൗൺഹാൾ, സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ, ഗുജറാത്തി ഓഡിറ്റോറിയം എന്നിവയും വേദികളാണ്.
നടക്കാവ് വാർഡിൽപെട്ട ഗവ. ഗേൾസ് സ്കൂളിൽ നാലു വേദികളും പ്രൊവിഡൻസ് സ്കൂളിൽ മറ്റൊരു വേദിയുമുണ്ടെങ്കിലും സ്ഥലം കൗൺസിലർ അൽഫോൻസ മാത്യുവിനെ ഔദ്യോഗികമായി വിവരമൊന്നുമറിയിച്ചിട്ടില്ല. പരാതി വ്യാപകമായതോടെ വലിയങ്ങാടി കൗൺസിലർക്ക് ഫിനാൻസ് കമ്മിറ്റി വൈസ് ചെയർമാൻ സ്ഥാനം നൽകാൻ തീരുമാനമായിട്ടുണ്ട്.
മുഖ്യവേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനി വെസ്റ്റ്ഹില്ലിലാണ്. എന്നാൽ, സ്ഥലം കൗൺസിലർ എം.കെ. മഹേഷിനെ മേളയുമായി ബന്ധപ്പെട്ട വിവരം അറിയിച്ചത് ഞായറാഴ്ചയാണ്.മേളയുടെ അക്കമഡേഷൻ കമ്മിറ്റി ചെയർപേഴ്സൻ നവ്യ ഹരിദാസ്, ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ചെയർപേഴ്സൻ ഡോ. എസ്. ജയശ്രീ, ദൃശ്യവിസ്മയം കമ്മിറ്റി ചെയർമാൻ ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് എന്നിവരാണ് മേളയിൽ പ്രധാന ഭാരവാഹിത്വം ലഭിച്ച കൗൺസിലർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

