സ്കോളർഷിപ്പ്: ഒന്നര ലക്ഷത്തോളം വിദ്യാർഥികൾ നരകയാതന അനുഭവിക്കുമെന്ന് പട്ടികജാതി വകുപ്പ്
text_fieldsകോഴിക്കോട് :വിവിധ കോഴ്സുകൾക്ക് പഠിക്കുന്ന ഒന്നരലക്ഷത്തോളം പട്ടികജാതി വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് സമയബന്ധിതമായി ലഭിക്കാത്തതിനാൽ നരകയാതന അനുഭവിക്കുന്നുവെന്ന് പട്ടികജാതി വകുപ്പ്. ധനവകുവകുപ്പിന് എഴുതിയ കത്തിലാണ് ഈ യാഥാർഥ്യം തുറന്നു പറയുന്നത്.
പട്ടികജാതി വിദ്യാർഥികളുടെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് വിതരണത്തിനായി പ്ലാൻ ശീർഷകത്തിൽ (സി.എസ്.എസ് വിദ്യാർഥികളുടെ സംസ്ഥാന വിഹിതം) ഒരു അധ്യയന വർഷം ആവശ്യമുള്ളത് 73 കോടി രൂപയാണ്. സി.എസ്.എസ് വിദ്യാർഥികളുടെ അധിക സംസ്ഥാന വിഹിതവും നോൺ സി.എസ്.എസ് വിദ്യാർഥികളുടെ സ്കോളർഷിപ്പും ഒരു അധ്യയന വർഷം ആവശ്യമുള്ളത് 230 കോടി രൂപയുമാണ്.
ഈ തുക പൂർണമായി വകയിരുത്തി ലഭ്യമായാൽ മാത്രമേ അതാത് അധ്യയന വർഷത്തെയും അതാത് സാമ്പത്തിക വർഷത്തിൽ ഓവർലാപ്പ് ചെയ്തു വരുന്ന മുൻ അധ്യയന വർഷത്തെയും ക്ലെയിമുകൾ തടസം കൂടാതെ വിതരണം ചെയ്യാൻ കഴിയു. പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് ലഭിക്കാത്തതു സംബന്ധിച്ച് നിലവിൽ നിരന്തരമായി ലഭിക്കുകയാണ്. ഈ പരാതികൾക്ക് അറുതി വരുത്തുന്നതിന് തുക അനുവദിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്.
പട്ടികജാതി വികസന വകുപ്പിനെ സംബന്ധിച്ച് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് തീർത്തും സമയബന്ധിതമായി വിതരണം ചെയ്യേണ്ടുന്ന അതീവ പ്രാധാന്യമുള്ള പദ്ധതിയാണ്. വകുപ്പിന്റെ സ്കോളർഷിപ്പ് പ്രതീക്ഷിച്ച് വിവിധ സ്ഥാപനങ്ങളിൽ കോഴ്സുകൾക്കു ചേരുന്ന പാവപ്പെട്ട പട്ടികജാതി വിദ്യാർഥികൾക്ക് അതാത് വർഷത്തെ കോഴ്സ് കാലാവധി കഴിയുന്നതിനു മുമ്പു തന്നെ സ്കോളർഷിപ്പ് നൽകണം.
2021-22 നു ശേഷം ഫീസ് ഉൾപ്പെടെ വിദ്യാർഥികളുടെ അക്കൗണ്ടിലേക്കാണ് നൽകുന്നതെന്നതിനാൽ സമയബന്ധിതമായി സ്കോളർഷിപ്പ് നൽകുന്നതിന്റെ പ്രാധാന്യം പലമടങ്ങ് വർദ്ധിച്ചു. പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് ഒന്നും രണ്ടും വർഷം വൈകി മാത്രം വിതരണം ചെയ്യുമ്പോൾ പട്ടികജാതി വിദ്യാർഥികൾ സ്ഥാപന മേധാവികളുടെ മൂന്നിലും സഹപാഠികളുടെ മുന്നിലും പരിഹാസ്യ പാത്രമായി മാറുന്ന ദയനീയമായ അവസ്ഥയാണുള്ളത്.
ഫീസ് സമയത്ത് ഒടുക്കാത്തതു കാരണമായി പരീക്ഷ എഴുതാൻ അനുവദിക്കാത്ത അവസ്ഥയുണ്ട്. ടി.സി യും സർട്ടിഫിക്കറ്റുകളും തടഞ്ഞു വെക്കുന്നതായി പരാതി ലഭിച്ചു. ഹൗസ് സർജൻസി തടയുക, ക്ലാസിൽ കയറ്റാതിരിക്കുക തുടങ്ങി വിദ്യാർഥികളുടെ പഠനവും ഭാവിയും അഭിമാനവും വരെ തകരാറിലാക്കുന്നതായ നിരവധി പരാതികൾ ലഭിച്ചു.
ഇത്തരം പരാതികൾ ലഭിക്കുമ്പോൾ അതു സംബന്ധമായി സ്ഥാപന മേധാവികൾക്കു കത്തു നൽകാറുണ്ടെങ്കിലും ഫീസുകളും മറ്റും യഥാസമയം ലഭിക്കേണ്ടത് അവരുടെ ആവശ്യമായതിനാൽ ഇക്കാര്യത്തിൽ ഒരു പരിധിക്കപ്പുറം ഇത്തരം കത്തിടപാടുകളും ഫലം കാണാറില്ല. ഈ സാഹചര്യത്തിൽ സ്കോളർഷിപ്പ് കുടിശിക വിതരണം ചെയ്യുന്നതിനായി അധിക തുകയായി 100 കോടി അനുവദിക്കണമെന്നാണ് 2024 ഒക്ടോബർ 10ന് കത്തെഴുതിയത്.
സ്കോളർഷിപ്പ് അപേക്ഷകരായ പട്ടികജാതി വിദ്യാർഥികളിൽ 90 ശതമാനവും കുടുംബ വർഷിക വുരമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ളവരാണ്. അതിൽ മിക്കവരും 50,000 രൂപയിൽ താഴെ വരുമാനമുള്ളവരും. വളരെയധികം ഇടുങ്ങിയതും ഞെരുക്കമുള്ളതുമായ സാമൂഹ്യ കുടുംബ സാഹചര്യങ്ങളിൽ നിന്നും വിദ്യാഭ്യാസ മേഖലയിലേക്ക് എത്തുന്നവരുമാണ്. ഇത്തരം വിദ്യാർഥികളുടെ വിവിധ ജീവിത പ്രശ്നങ്ങൾ കാരണമായി സമയത്ത് അപേക്ഷ സമർപ്പിക്കുവാൻ കഴിയാത്തവർ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. സ്ഥാപന ദേധാവികളുടെ അശ്രദ്ധ കാരണമായി യഥാസമയം റിന്യൂവൽ അപേക്ഷ നൽകാത്ത കേസുകളും ഉണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ കണ്ണു തുരറപ്പിക്കാനുള്ളതാണ് ഈകത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

