പണ്ഡിതന്മാർ സാമൂഹിക ദൗത്യം നിർവഹിക്കണം -പി. മുജീബ് റഹ്മാൻ
text_fields‘ഇ.എൻ. അബ്ദുല്ല മൗലവി: ഓർമകളുടെ അക്ഷരരേഖ’ പുസ്തകം ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ സി.കെ. സൈനബക്ക് നൽകി പ്രകാശനം ചെയ്യുന്നു
ചേന്ദമംഗല്ലൂർ: കാലത്തോടൊപ്പം സഞ്ചരിച്ച്, കാലഘട്ടത്തിന്റെ തേട്ടം മനസ്സിലാക്കി കാലോചിതമായി സമൂഹത്തിൽ ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്ന ജനതയെ വാർത്തെടുക്കുകയാണ് പണ്ഡിതന്മാരുടെ ദൗത്യമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ.
‘ഇ.എൻ. അബ്ദുല്ല മൗലവി: ഓർമകളുടെ അക്ഷരരേഖ’ പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെയും സമൂഹത്തിന്റെയും കരുത്ത് പണ്ഡിതന്മാരാണ്. പൗരോഹിത്യ ഉടയാടകളോടെയുള്ള പണ്ഡിതരല്ല, സാമൂഹിക ദൗത്യം നിർവഹിക്കുന്ന പണ്ഡിതരെയാണ് കാലം തേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതവും മഹല്ലും പൗരോഹിത്യ കേന്ദ്രീകൃതമാകരുത്. പണ്ഡിതർ പരിഷ്കർത്താക്കളാണെന്ന തിരിച്ചറിവുണ്ടാകുന്നതിനൊപ്പം, മഹല്ല് ഒരു സമൂഹത്തിന്റെ വളർച്ചയുടെയും വികാസത്തിന്റെയും കേന്ദ്രബിന്ദു ആകണം. ദീർഘദൃഷ്ടിയോടെ നവജാഗരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പണ്ഡിതനായിരുന്നു ഇ.എൻ. അബ്ദുല്ല മൗലവി. ആഴംതൊട്ട അറിവുകൊണ്ട് ഇസ്ലാമിക പ്രസ്ഥാനത്തെ വളർത്തിയെടുക്കുന്നതിൽ കേരളത്തിലും സൗദി അറേബ്യയിലും അദ്ദേഹം നിസ്തുല സംഭാവനയർപ്പിച്ചതായും അമീർ അനുസ്മരിച്ചു.
ഇ.എൻ. അബ്ദുല്ല മൗലവിയുടെ ഭാര്യ സി.കെ. സൈനബ പുസ്തകം ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ഇ. ബഷീർ അധ്യക്ഷതവഹിച്ചു. മാധ്യമം, മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. എഡിറ്റർ പി.ടി. കുഞ്ഞാലി പുസ്തക സമർപ്പണം നടത്തി.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം എൻ.എം. അബ്ദുറഹ്മാൻ, മേഖല നാസിം യു.പി. സിദ്ദീഖ്, ഇ.എൻ. ഇബ്രാഹിം മൗലവി, വനിത വിഭാഗം ജില്ല പ്രസിഡന്റ് സുഹ്റ മൻസൂർ, ഏരിയ കൺവീനർ മൈമൂന യൂനുസ് എന്നിവർ സംസാരിച്ചു. കെ.ടി. മുഹമ്മദ് അബ്ദുറഹ്മാൻ സ്വാഗതവും കെ.സി. മുഹമ്മദലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

