ജനനീ ജന്മരക്ഷ പദ്ധതിക്കുള്ള തുകപോലും വിതരണം ചെയ്യാതെ പട്ടികവർഗ വകുപ്പ്
text_fieldsകോഴിക്കോട്: കണ്ണൂരിലെ പട്ടികവർഗ ഓഫിസുകളിൽ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കാതെ അക്കൗണ്ടിലുണ്ടെന്ന് ധനകാര്യ റിപ്പോർട്ട്. ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും അനുദിച്ച ജനനീ ജന്മരാക്ഷാ തുക പോലും ചെലവഴിക്കാതെ ഇതിലുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
ഇരിട്ടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലെ ട്രഷറി അക്കൗണ്ടിൽ നീക്കിയിരിപ്പുള്ള 79,140 രൂപയിൽ ജനനി ജന്മരക്ഷ പദ്ധതിയിൻ കീഴിൽ ഗുണഭോക്താവിന് ക്രഡിറ്റാകാതെ തിരികെ വന്ന 35,000 ഗുണഭോക്താവിന് വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണം. വിതരണം ചെയ്യാനാകാത്ത പക്ഷം സർക്കാരിലേക്ക് തിരിച്ചടക്കണെന്നാണ് റിപ്പോർട്ട്.
പയ്യാവൂർ ഗ്രാമപഞ്ചായത്ത് 2016-17ൽ നടപ്പിലാക്കേണ്ട കരിമ്പക്കണ്ടി കോളനി നടപ്പാലം പദ്ധതിക്ക് അനുവദിച്ച 50 ലക്ഷം രൂപ ഒന്നും ചെയ്തില്ല. ആറളം ഗ്രാമപഞ്ചായത്തിന്റെ 2018-19ലെ പരിപ്പുതോട് കൾവർട്ട് ബിൽഡിംഗ് ആറളം പദ്ധതിക്കായി 38,00,000 രൂപഅനുവദിച്ചുവെങ്കിലും നിർമാണം തുടങ്ങിയില്ല.
2019-20 -ൽ കണ്ണവം നഴ്സറി സ്കൂൾ കുടിവെള്ള പദ്ധതിക്കായി പാട്യം ഗ്രാമപഞ്ചായത്തിന് രണ്ട് ലക്ഷം രൂപ അനുവദിച്ചു. പൂർത്തീകരണ കാലാവധി കഴിഞ്ഞും പദ്ധതി ആരംഭിച്ചിട്ടില്ല. ഈ മൂന്ന് പദ്ധതികൾക്കായി അനുവദിച്ച 90,00,000 രൂപ സർക്കാരിലേക്ക് തിരിച്ചടക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൻറെ ഇരിട്ടി ബ്രാഞ്ചിൽ ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസറുടെയും, ഇരിട്ടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറുടെയും സംയുക്ത ഉടമസ്ഥതയിലുള്ള 1,20,000 രൂപയുടെ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് കണ്ടെത്തി. നാളിതുവരെ ഇത് ഗുണഭോക്താവിന് കൈമാറിയിട്ടില്ല. അത് എത്രയും വേഗം ഗുണഭോക്താവിന് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ട്.
2015-16 സാമ്പത്തിക വർഷം കാക്കയങ്ങാട് കെ.എസ്.ഇ.ബി, എക്സിക്യൂട്ടിവ് എൻജിനീയർക്ക് 'ആറളം ഫാം വൈദ്യുതീകരണം' പ്രവർത്തിക്കായി അനുവദിച്ച 1.86 കോടിരൂപയുടെ നീക്കിയിരിപ്പായ 91,19,243 രൂപ ഉപയോഗിച്ച് ഭൂഗർഭ വൈദ്യുതി ലൈൻ വലിക്കാനുള്ള പ്രവർത്തനങ്ങൾ നാളിതുവരെ ആരംഭിച്ചിട്ടില്ല. അഞ്ചു വർഷത്തിലധികമായി 91,19,243 രൂപ കെ.എസ്.ഇ.ബി. യുടെ കൈവശം കിടക്കുകയാണ്.
2018-19 സാമ്പത്തിക വർഷം 'ഈന്തുങ്കരി ഫുട്‌പാത്ത്'' നിർമാണത്തിന് അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അനുവദിച്ച 6,00,000 രൂപയിലെ നീക്കിയിരിപ്പായ 5,543 രൂപ നിഷ്ക്രിയമായി കിടക്കുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി.
കൂത്തുപറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലെ ട്രഷറി അക്കൗണ്ടിൽ നീക്കിയിരിപ്പുള്ള 84,000 രൂപ വിവിധ വകുപ്പു പദ്ധതി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ ക്രഡിറ്റാകാത്തതാണ്. ഈ തുക യഥാർഥ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യേണ്ടതാണ്. വിതരണം നടന്നില്ല.
തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലെ ട്രഷറി അക്കൗണ്ടിൽ 4,45,435 രൂപയാണ് നീക്കിയിരിപ്പ്. ഇതും ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണം. വിതരണം ചെയ്യാനാകാത്ത പക്ഷം തുക സർക്കാരിലേക്ക് തിരിച്ചടക്കണമെന്നാണ് ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

