തിയറ്ററുകളിലെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ; അന്വേഷണം
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍ തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ചോർന്ന് അശ്ലീല വെബ്സൈറ്റുകളില്‍ പ്രചരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പൊലീസ്. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള തിയറ്ററുകളിലെ ദൃശ്യങ്ങളാണ് ചോര്‍ന്നത്. സി.സി.ടി.വി ഹാക്ക് ചെയ്തതാണോ ജീവനക്കാര്‍ ചോര്‍ത്തിയതാണോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് കെ.എസ്.എഫ്.ഡി.സിയും ആഭ്യന്തര അന്വേഷണം ആരംഭിച്ചു.
തിയറ്ററില്‍ സിനിമ കാണാനെത്തിയ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്ന മുഖം വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. 2023 മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങളുണ്ട്. പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ തിയറ്ററിന്റെ പേരും സ്ക്രീന്‍ നമ്പരും തീയതിയും സമയവുമെല്ലാം കാണാം. വിവിധ ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി ഇത്തരം ദൃശ്യങ്ങള്‍ വില്‍ക്കുന്നതായും സൈബർ പൊലീസിന് വിവരം ലഭിച്ചു.
അതേസമയം, ദൃശ്യങ്ങള്‍ പുറത്തുപോയതിൽ ജീവനക്കാര്‍ക്ക് പങ്കുണ്ടെങ്കിൽ കര്‍ശന നടപടിയുണ്ടാകുമെന്ന് കെ.എസ്.എഫ്.ഡി.സി എം.ഡി പി.എസ്. പ്രിയദര്ശൻ പറഞ്ഞു. ഹാക്കിങ് എന്നാണ് പ്രാഥമിക സംശയം. സ്വകാര്യ തിയറ്ററുകളിലെ ദൃശ്യങ്ങളും ചോർന്നിട്ടുണ്ടെന്നും സുരക്ഷ ശക്തമാക്കാൻ നിര്‍ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംഭവം ഗൗരവമായിട്ടാണ് കെ.എസ്.എഫ്.ഡി.സിയും പൊലീസും കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

