ഉള്ളുപൊള്ളിച്ച് മോർച്ചറിക്ക് മുന്നിലെ കാഴ്ചകൾ; കരിഞ്ഞ ശരീരഭാഗങ്ങൾക്കിടയിൽ ഉറ്റവരെ തേടി ബന്ധുക്കൾ
text_fieldsവെടിക്കെട്ട് അപകടത്തിൽ മരിച്ച മണികണ്ഠന്റെ മൃതദേഹം കോട്ടപ്പുറം കാമത്ത് ലെയ്നിലെ വീട്ടിൽ എത്തിച്ചപ്പോൾ
തൃശൂർ: ‘ദിസ് ഈസ് ദ പ്ലേസ് വെയർ ഡെത്ത് റിജോയിസസ് ടു കം ടു ദി എയ്ഡ് ഓഫ് ലൈഫ്’. തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലെ രണ്ട് ഒട്ടോപ്സി റൂമുകൾക്ക് മുന്നിലും പതിച്ചിരിക്കുന്ന ആപ്തവാക്യം. ശരിക്കും മരണം ആനന്ദിക്കുന്നിടമായിരിക്കുമോ പോസ്റ്റുമോർട്ടം ടേബിളുകൾ?. ചൊവ്വാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച ഉച്ചവരെ അവിടുത്തെ കാഴ്ചകൾ ആ ചോദ്യത്തിന് ഉത്തരം തരും.
കരിഞ്ഞ ശരീരങ്ങളിൽ തങ്ങളുടെ ഉറ്റവരെ തേടിയുള്ള പ്രിയപ്പെട്ടവരുടെ അലച്ചിൽ ഹൃദയമുള്ളവർക്ക് കണ്ടുനിൽക്കാനാവുന്നതായിരുന്നില്ല. ബുധനാഴ്ച അതിരാവിലെ തന്നെ മോർച്ചറി സജീവമായി. പ്ലാസ്റ്റിക് കാരി ബാഗുകളിൽ പൊലീസ് ഉദ്യോഗസ്ഥർ പൊതിഞ്ഞെത്തിച്ച ശരീരഭാഗങ്ങൾ മോർച്ചറി കെട്ടിടത്തിലെ നടുത്തളത്തിൽ തുറന്നുവെച്ചു. മാംസമറ്റ് കരിഞ്ഞ എല്ലുകൾ, ശരീര ഭാഗങ്ങൾ, ആന്തരിക അവയവങ്ങൾ.... ഹൃദയം നുറുങ്ങിയ കാഴ്ച.
ഓരോ ശരീരഭാഗങ്ങൾക്കും നമ്പറിട്ട് പ്രത്യേകം കേസ് ഫയലുകളാക്കി വീണ്ടും ബാഗുകളിൽ പൊതിഞ്ഞു. അപ്പോഴേക്കും കാണാതായവരെ അന്വേഷിച്ച് ബന്ധുക്കൾ എത്തിത്തുടങ്ങി. പൊലീസുകാർ പ്ലാസ്റ്റിക് പൊതികൾ അവർക്കുമുന്നിൽ തുറന്നു. ആ കാഴ്ച കണ്ട് പലരും വിളറി ഭയന്ന് പിൻമാറി, പലരും വാവിട്ട് കരഞ്ഞു.
പടക്കനിർമാണത്തിലേർപ്പെട്ട സഹോദരൻ അഭിജിത്തിനെ അന്വേഷിച്ചാണ് അനിയൻ അഞ്ചലും സുഹൃത്തുക്കളും എത്തിയത്. ഓരോ പൊതികളും പൊലീസുകാർ തുറന്ന് അഞ്ചലിനെ കാട്ടിക്കൊടുത്തു. അതെല്ലാം പ്രായമായവരുടെയാണെന്നും അഭിജിത്തിന്റെ ഏതുഭാഗം കണ്ടാലും തനിക്ക് തിരിച്ചറിയാമെന്നും പറഞ്ഞ് അഞ്ചൽ നിന്നു. ഒടുവിൽ ഡി.എൻ.എ പരിശോധനക്ക് തന്റെ ശരീര സാമ്പിളും നൽകിയാണ് അവൻ മടങ്ങിയത്. അഭിജിത്ത് ജീവനോടെ ഉണ്ടാകണേ എന്ന പ്രാർഥനയിൽ.
ഉച്ചയോടെ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. തിരിച്ചറിയാത്ത ശരീരഭാഗങ്ങൾ ആശുപത്രിയിലെ ഫ്രീസറിലേക്ക് മാറ്റി. വരുംദിവസങ്ങളിൽ ഡി.എൻ.എ പരിശോധന ഫലം വരുമ്പോൾ മാത്രമേ ആരാകും അതെന്ന് മനസ്സിലാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

