ശബരിമല അന്നദാനത്തിൽ ഒരു കോടിയുടെ തട്ടിപ്പ്; ക്രമക്കേട് നടത്തിയവർക്ക് പ്രധാന സ്ഥാനങ്ങൾ
text_fieldsതിരുവനന്തപുരം: ശബരിമല അന്നദാനത്തിന്റെ മറവിൽ ഒരു കോടിയുടെ തട്ടിപ്പ്. 2018 -'19 തീര്‍ഥാടന കാലത്ത് നിലയ്ക്കലിൽ അന്നദാനത്തിന് പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങിയ പേരിൽ ഒരു കോടി രൂപ ഉദ്യോഗസ്ഥർ തട്ടിച്ചെന്നാണ് വിജിലൻസ് കണ്ടെത്തൽ. എന്നാൽ, മാസങ്ങളായിട്ടും ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചിട്ടില്ല. കൊല്ലത്തെ സ്ഥാപനമാണ് പച്ചക്കറിയും പലവ്യഞ്ജനങ്ങളും നൽകാൻ കരാറെടുത്തത്. തീർഥാടന കാലം കഴിഞ്ഞശേഷം 30,00,900 രൂപയുടെ ബിൽ നൽകി. തുടർന്ന് എട്ടു ലക്ഷം കരാറുകാരന് നൽകി. ബാക്കി തുക നൽകണമെങ്കിൽ ക്രമക്കേടിന് കൂട്ടുനിൽക്കണമെന്നായി ഉദ്യോഗസ്ഥർ. തുടർന്ന് കരാറുകാരൻ ദേവസ്വം വിജിലിൻസിനെ സമീപിച്ചു. 30 ലക്ഷം മാത്രം ചെലവിൽ നടന്ന അന്നദാനത്തിന്റെ മറവിൽ ഒന്നരക്കോടിയുടെ ബില്ലാണ് ഉദ്യോഗസ്ഥർ മാറിയെടുത്തത്. ഇവരുമായി അടുപ്പമുള്ള മറ്റൊരു സ്ഥാപനത്തിന്റെ മറവിൽ തുക ബാങ്കിൽനിന്ന് മാറി. തട്ടിപ്പ് കണ്ടെത്തിയതോടെ 11 ലക്ഷം രൂപ കരാറുകാരന് നൽകി പരാതി ഒതുക്കാനും ശ്രമിച്ചു.
നിലയ്ക്കൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, ജൂനിയർ സൂപ്രണ്ട്, എക്സിക്യൂട്ടിവ് ഓഫിസർമാരായ രണ്ടുപേർ എന്നിവരെ പ്രതിയാക്കി പത്തനംതിട്ട വിജിലൻസ് യൂനിറ്റ് കേസെടുത്തെങ്കിലും ബോർഡ് നടപടിയെടുത്തിട്ടില്ല. കേസ് തള്ളണമെന്ന ആവശ്യം ഹൈകോടതി തള്ളി. ക്രമക്കേടിന് കൂട്ടുനിന്നവരെ തന്ത്രപ്രധാന തസ്തികകളിൽ നിയമിച്ചിരിക്കുകയാണ് ഇപ്പോൾ.