Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എസ്.സി-എസ്.ടി അതിക്രമം തടയൽ നിയമം: കുറ്റപത്രം തയാറാക്കുന്നതിൽ പൊലീസിന് വീഴ്​ചയെന്ന് വിലയിരുത്തൽ
cancel
Homechevron_rightNewschevron_rightKeralachevron_rightഎസ്.സി-എസ്.ടി അതിക്രമം...

എസ്.സി-എസ്.ടി അതിക്രമം തടയൽ നിയമം: കുറ്റപത്രം തയാറാക്കുന്നതിൽ പൊലീസിന് വീഴ്​ചയെന്ന് വിലയിരുത്തൽ

text_fields
bookmark_border

തിരുവനന്തപുരം: പട്ടികജാതി - വർഗ അതിക്രമം തടയൽ നിയമപ്രകാരം കുറ്റപത്രം തയാറാക്കുന്നതിൽ പൊലീസിന് വീഴ്​ചയെന്ന് വിലയിരുത്തൽ. സംസ്ഥാന വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്​തത്. രജിസ്​റ്റർ ചെയ്യുന്ന വളരെയധികം കേസുകളിൽ 1989ലെ പട്ടികജാതി - വർഗ അതിക്രമം തടയൽ നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കുന്നില്ല.

സാക്ഷികളുടെ കൂറുമാറ്റത്തിനുള്ള സാധ്യത മുന്നിൽ കണ്ട് ആദ്യം തന്നെ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് കുറ്റപത്രം തയാറാക്കുന്നതിലാണ് വീഴ്ച സംഭവിക്കുന്നത്. സർക്കാർ അഭിഭാഷകർ പല കേസുകളിലും വേണ്ടത്ര വിവരങ്ങൾ ശേഖരിച്ചല്ല കോടതിയിൽ വാദിക്കുന്നത്.

2017 മുതൽ 2019 വരെ രജിസ്​റ്റർ ചെയ്ത കേസുകളുടെ അവലോകനമാണ് നടത്തിയത്. ഈ കാലയളവിൽ വളരെയധികം കേസുകളിൽ അന്വേഷണവും വിചാരണയും പൂർത്തിയാക്കിയിട്ടില്ല. അന്വേഷണം പൂർത്തിയായ കേസുകളിൽ പ്രതികൾക്ക് ശിക്ഷ ലഭിച്ചത് കുറവാണ്.

2015ലും 17ലും നിയമത്തിൽ ഭേദഗതികൾ വരുത്തിയെങ്കിലും അതൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ പരിഗണിനയിലില്ല. മുമ്പുള്ള വകുപ്പുകൾ പ്രകാരമാണ് പല കേസുകൾക്കും ഇപ്പോഴും എഫ്.ഐ.ആർ തയാറാക്കുന്നത്.

കേസ് രജിസ്​റ്റർ ചെയ്​ത്​ 30 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ നടപടി സ്വീകരിക്കണം. സർക്കാർ അഭിഭാഷകർ തെളിവുകൾ ശേഖരിക്കുന്നത് നിരീക്ഷിക്കാൻ സംവിധാനം വേണം​. അതിനായി അഡ്വക്കേറ്റ് ജനറലിൻെറ ഓഫിസുമായി ബന്ധപ്പെടുത്തി നിരീക്ഷണ സംവിധാനം ഏർപ്പാട് ചെയ്യണമെന്നും യോഗം നിർദേശിച്ചു.

കേസ് അന്വേഷണം കുറേക്കൂടി ശക്തിപ്പെടുത്താനും വേഗത്തിലാക്കാനും എ.ഡി.ജി.പിയുടെ (ലോ -ആൻഡ് ഓർഡർ ) നേതൃത്വത്തിൽ ഇൻഹൗസ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അവരുടെ നിർദേശപ്രകാരം ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ഉറപ്പ് നൽകി. കേസ് അന്വേഷണം ത്വരിതപ്പെടുത്താനും അന്വേഷണ ഉദ്യോഗസ്ഥൻമാർക്ക് ഇക്കാര്യത്തിൽ ആവശ്യമായ പരിശീലനം നൽകാനും സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകാനും യോഗം നിർദേശിച്ചു.

കേസുകളുടെ ബാഹുല്യം കാരണം അവ വേഗത്തിൽ തീർപ്പാക്കാനായി നിലവിലുള്ള മലപ്പുറം, വയനാട്, പാലക്കാട്, കൊല്ലം എന്നീ ജില്ലകളിൽ നാല് സ്പെഷൽ കോടതികൾക്ക് പുറമെ തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലും സ്പെഷൽ കോടതികൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യം സർക്കാറിൻെറ പരിഗണനയിലാണെന്നും യോഗത്തെ അറിയിച്ചു.

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്പെഷൽ കോടതി ഇപ്പോഴും പൊതുകേസുകൾ കൂടുതലായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് വിമർശനം യോഗത്തിലുണ്ടായി. അതിനാൽ എസ്.സി-എസ്.ടി അതിക്രമം തടയൽ നിയമം പ്രകാരമുള്ള കേസുകളുടെ എണ്ണം കൂടുതലായി വരുന്ന മുറക്ക് പൊതുകേസുകൾ പൂർണമായും ഒഴിവാക്കാൻ യോഗം തീരുമാനിച്ചു.

ജില്ലകളിലെ മുഴുവൻ കേസുകളിലും അന്വേഷണം നടത്തി യഥാസമയം കുറ്റപത്രം സമർപ്പിക്കുക എന്നതാണ് സ്പെഷൽ മൊബൈൽ സ്ക്വാഡിൻെറ പ്രധാന പ്രവർത്തനം. 2017 - 19 കാലയളവിൽ കുറ്റപത്രം സമർപ്പിക്കാതിരുന്ന നിരവധി കേസുകളുള്ളതിനാൽ സ്പെഷൽ മൊബൈൽ സ്ക്വാഡിൻെറ പ്രവർത്തനം സംബന്ധിച്ച് ആഴത്തിലുള്ള പരിശോധന ആവശ്യമാണെന്ന് യോഗം നിരീക്ഷിച്ചു.

അതേസമയം തിരുവനന്തപുരം, കോഴിക്കോട് റൂറൽ, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ കൂടി സ്പെഷൽ മൊബൈൽ സ്ക്വാഡിൻറെ യൂനിറ്റ് ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും യോഗത്തെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policeSC-ST Violence Prevention Act
News Summary - SC-ST Violence Prevention Act: Assessment of Police Failure in Preparation of Chargesheet
Next Story