എസ്.സി-എസ്.ടി ഇ-ഗ്രാന്റ്സ് സംരക്ഷണ കൺവെൻഷൻ 27 ന്
text_fieldsകൊച്ചി: ആദിവാസി-ദലിത് വിദ്യാർഥികൾക്ക് ഉന്നതപഠനത്തിനായി നൽകേണ്ട ഗ്രാൻറുകളും സ്കോളർഷിപ്പുകളും ൽകാത്ത സർക്കാർ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് എസ്.സി-എസ്.ടി ഇ-ഗ്രാന്റ്സ് സംരക്ഷണ കൺവെൻഷൻ 27 ന് 10 മുതൽ അച്യുതമേനോൻ ഹാളിൽ നടത്തുമെന്ന് ആദിശക്തി സമ്മർ സ്കൂൾ ഭാരവാഹികൾ അറിയിച്ചു.
വർഷത്തിൽ ഒരിക്കൽ ഗ്രാൻറുകൾ നൽകിയാൽ മതിയെന്ന ഉത്തരവിന്റെ പ്രസക്തമായ ഭാഗം തിരുത്തണം. വിദ്യാർഥികൾക്ക് ലഭിക്കേണ്ട എല്ലാ ഗ്രാന്റുകളും പ്രതിമാസം ലഭിക്കാൻ പേമെൻറ് സംവിധാനത്തിൽ മാറ്റം വരുത്തണെന്നും ആവശ്യപ്പെട്ടാണ് കൺവെൻഷൻ.
പഠനകാലത്ത് വിദ്യാർഥികളുടെ ഉപജീവനത്തിനും അതിജീവനത്തിനും, പഠന ആവശ്യത്തിനും നൽകേണ്ട തുക ബഡ്‌ജറ്റിൽ വകയിരുത്തിയിട്ടും നൽകാത്തത് ജാതീയവും വംശീയവുമായ വിവേചനമാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളം, മന്ത്രിമാരുടെ ശമ്പളം, മന്ത്രിമാരുടെ സ്റ്റാഫിന്റെ ശമ്പളം എന്നിവയൊന്നും മുടങ്ങാറില്ല. മറ്റ് പരിപാടികൾക്കും കുറവില്ല. പരാതികൾ പറയുമ്പോൾ ഇ-ഗ്രാൻ്റ്സ് ഇനത്തിൽ കോടികൾ നൽകിയ കണക്കാണ് മന്ത്രി ഉൾപ്പെടെ പറയാറുള്ളത്. പക്ഷേ ആർക്ക്, ഏത് ഇനത്തിൽ,. ഏത് മാസം വരെ എന്ന കണക്കുകൾ പറയുന്നില്ല.
ലംപ്സംഗ്രാന്റ്റ്, ഹോസ്റ്റൽ അലവൻസുകൾ, പോക്കറ്റ് മണി, ഡേ സ്കോളേഴ്സിനുള്ള അലവൻസ്, ഗവേഷക വിദ്യാർഥികളുടെ സ്കോളർഷിപ്പ് എന്നിവയാണ് വിദ്യാർഥികൾക്ക് നേരിട്ട് ലഭിക്കേണ്ടത്. ട്യൂഷൻഫീസ്, പരീക്ഷാ ഫീസ് എന്നിവ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിനുള്ളതാണ്. വിദ്യാർഥികൾക്ക് നേരിട്ട് കിട്ടേണ്ട തുക ഒരു വർഷം കഴിഞ്ഞിട്ടും നൽകുന്നില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
ട്യൂഷൻഫീസ് ഇനത്തിൽ സ്ഥാപനങ്ങൾക്ക് നൽകുന്നത് വൈകിയാൽ വിദ്യാർഥികളിൽ സമ്മർദമുണ്ടാകാറുണ്ടെങ്കിലും, പഠനകാലത്ത് ഉപജീവനത്തിനും പഠന ആവശ്യത്തിനും ലഭിക്കേണ്ട തുകകൾ (കോളജുകൾക്ക് നൽകേണ്ട തുകയുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ കുറവാണ്) പഠനകാലത്ത് നൽകുന്നില്ല എന്നത് മനുഷ്യാവകാശ ലംഘനവും വിവേചനവുമാണ്.
1980 ന് ശേഷം കേരളത്തിൽ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ നിർമിക്കുന്നില്ല. നല്ല കോഴ്‌സിന് പഠിക്കണമെങ്കിൽ ഏത് യൂനിവേഴ്‌സിറ്റികളിലും പോകാൻ അവസരമുണ്ടെന്നിരിക്കെ പഠിക്കാനും, ജീവിക്കാനും പര്യാപ്താമായ ഹോസ്റ്റൽ സൗകര്യം സർക്കാർ നിഷേധിക്കുന്നത് വിവേചനമാണ്. ഗ്രാൻറുകൾ ലഭിക്കാത്തതിന്റെ പേരിൽ 100 ൽ പരം യു.ജി./പി.ജി. വിദ്യാർഥികൾ വിവിധ കലാലയങ്ങളിൽ നിന്നും കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ കൊഴിഞ്ഞുപോയതായി കണക്കാക്കുന്നു.
നിലവിൽ സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾ സമയബന്ധിതമായി ഫീസ് നൽകാൻ കഴിയാത്തതിനാൽ അധികൃതരുടെ സമർദത്തിന് വിധേയമാണ്. ഇത് വിദ്യാർഥികളുടെ പഠനത്തെയും, മാനസികാരോഗത്തെയും, ആത്മാഭിമാനത്തെയും ബാധിക്കുന്നത്. ഇ-ഗ്രാൻ്റുകൾ വർഷത്തിൽ ഒറ്റത്തവണ തീർപ്പാക്കും എന്ന നിലയിലാണ് ഏറ്റവും അവസാനം ഇറക്കിയ സർക്കാർ ഉത്തരവിൽ പറയുന്നത്. സ്ഥാപനങ്ങൾക്ക് നൽകേണ്ട ട്യൂഷൻഫീസ്, വിദ്യാർഥികൾക്ക് നൽകേണ്ട അലവൻസുകൾ, പരീക്ഷാഫീസ് എന്നിവയെല്ലാം ഒരു പാക്കേജ് പോലെ വർഷത്തിൽ ഒരിക്കൽ ചെയ്യുമെന്നുമാണ് പറയുന്നത്. പക്ഷേ ഇതെല്ലാം ഒരു വർഷത്തിൽ ഏറെയായി പിന്നിലാണെന്നും പ്രസ്താവനിയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

