ലയനശേഷം കേരളത്തിൽ എസ്.ബി.െഎ വായ്പ താഴേക്ക്
text_fieldsതൃശൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിനെ ലയിപ്പിച്ചിട്ടും കേരളത്തിൽ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ വായ്പ വിതരണം ഇടിഞ്ഞു. രണ്ട് ബാങ്കായിരുന്ന കാലത്തേക്കാൾ വായ്പ -നിക്ഷേപ അനുപാതത്തിൽ കുറവ് നേരിടുകയാണ് കേരളത്തിൽ എസ്.ബി.ഐ. വായ്പ വിന്യാസം സജീവമല്ലാത്തതും ലയനശേഷം ജീവനക്കാരും ഓഫിസർമാരും നേരിടുന്ന സവിശേഷ പ്രശ്നങ്ങളുമാണ് വളർന്ന നിക്ഷേപത്തിെൻറ തോതിൽ വായ്പ നൽകാൻ എസ്.ബി.ഐക്ക് കഴിയാതെ പോകുന്നത്. സംസ്ഥാന തല ബാങ്കേഴ്സ് സമിതിയിലും എസ്.ബി.ഐ നവംബറിൽ നടത്തിയ ‘ടൗൺ ഹാൾ മീറ്റിങ്ങി’ലും ഈ അവസ്ഥ ചർച്ചക്ക് വന്നെങ്കിലും പരിഹാരമില്ലാതെ തുടരുകയാണ്.
2017 ഏപ്രിൽ ഒന്നിനാണ് എസ്.ബി.ടി, എസ്.ബി.ഐയിൽ ലയിച്ചത്. അതിന് തൊട്ടുമുമ്പ്, 2017 മാർച്ചിൽ എസ്.ബി.ടിയുടെ വായ്പ നിക്ഷേപ അനുപാതം 42 ശതമാനം ആയിരുന്നെങ്കിൽ എസ്.ബി.ഐയുടേത് 63 ശതമാനമായിരുന്നു. ഒറ്റ ബാങ്കായ ശേഷം 2017 ഡിസംബറിൽ ഇത് 40 ശതമാനമായി ഇടിഞ്ഞു. 2017 മാർച്ചിൽ കേരളത്തിൽ നിക്ഷേപം 1,40,838 കോടി ആയിരുന്നത് 2017 ഡിസംബറിൽ 1,45,498 കോടിയായി ഉയർന്നപ്പോൾ ഇതേ കാലയളവിൽ വായ്പ 63,703 കോടിയിൽ നിന്ന് 58,380 കോടിയായി താഴ്ന്നു.
ഫലത്തിൽ എസ്.ബി.ടി പോയപ്പോൾ കേരളത്തിന് സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിൽ നിന്ന് ലഭിക്കുന്ന വായ്പയിൽ കുറവ് വന്നു. അതിലുപരി ഒറ്റ ബാങ്ക്, വലിയ ബാങ്ക് എന്ന ആശയം കേരളത്തിന് ഗുണം ചെയ്തില്ലെന്ന് മാത്രമല്ല ദോഷവുമായി. 2013 ഡിസംബറിൽ എസ്.ബി.ടിയുടെ വായ്പ - നിക്ഷേപ അനുപാതം 58 ശതമാനവും കേരളത്തിൽ എസ്.ബി.ഐയുടേത് 68 ശതമാനവും ആയിരുന്നു. 2014 മാർച്ചിൽ ഇത് യഥാക്രമം 57:64, ജൂണിൽ 56:55, സെപ്റ്റംബറിൽ 56:66, 2015 ജൂണിൽ 52:66, സെപ്റ്റംബറിൽ 49:62, ഡിസംബറിൽ 47:66, 2016 മാർച്ചിൽ 46:63 എന്ന ക്രമത്തിലായിരുന്നു. ഇതാണിപ്പോൾ ഇടിഞ്ഞ് 40 ശതമാനത്തിൽ എത്തിയിരിക്കുന്നത്. അതായത്, എസ്.ബി.ഐ കേരളത്തിൽനിന്ന് 100 രൂപ നിക്ഷേപം സമാഹരിക്കുമ്പോൾ തിരിച്ച് വായ്പയായി നൽകുന്നത് 40 രൂപയാണ്.
കിട്ടാക്കടത്തിെൻറ പേരിൽ വായ്പ വിതരണത്തിൽ കടുത്ത നിയന്ത്രണങ്ങളുണ്ട്. കിട്ടാക്കടം വരുത്തിയവരിൽ 99 ശതമാനവും വൻകിട വായ്പക്കാരാണെങ്കിലും ബാധിക്കുന്നത് ചെറുകിട,-ഇടത്തരം വായ്പക്ക് സമീപിക്കുന്നവരെയാണ്. ലയന ശേഷം പഴയ എസ്.ബി.ടിക്കാരുടെ ആത്മവീര്യം കെടുത്തുന്ന പല നടപടികളും എസ്.ബി.ഐ കേരള സർക്കിളിൽ ഉണ്ടാവുന്നുണ്ട്. ഇതും സേവനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
