ബാങ്ക് ആക്രമണം: എൻ.ജി.ഒ യൂനിയൻ ജില്ല നേതാക്കൾ റിമാൻഡിൽ
text_fieldsതിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം എസ്.ബി.ഐ ബാങ്ക് ആക്രമിച്ച കേസിൽ അറസ്റ്റി ലായ രണ്ട് എൻ.ജി.ഒ യൂനിയൻ ജില്ല നേതാക്കൾ റിമാൻഡിൽ. യൂനിയൻ തൈക്കാട് ഏരിയ കമ്മിറ്റി സെക്രട്ടറി അശോക് (32), ജില്ല സെക്രേട്ടറിയറ്റ് അംഗം ഹരിലാൽ (44) എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ടി. മഞ്ജിത് 24 വരെ റിമാൻഡ് ചെയ്തത്. ഒന്നും രണ്ടും പ്രതികളായ ഇവരുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.
ബുധനാഴ്ച രാവിലെ 10.15ഒാടെ സ്റ്റാച്യുവിലെ എസ്.ബി.ഐ മെയിൻ ട്രഷറി ശാഖ ആക്രമിച്ച് നാശനഷ്ടം വരുത്തിയ കേസിലാണ് ഇവരെ കേൻറാൺമെൻറ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘം ചേർന്നെത്തിയ പ്രവർത്തകർ ബാങ്കിൽ ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്നും ബാങ്ക് മാനേജർ സന്തോഷിനെ അസഭ്യംപറഞ്ഞെന്നുമാണ് കേസ്. അസഭ്യംപറയുക, അതിക്രമിച്ച് കയറുക, പൊതുമുതൽ നശിപ്പിക്കുക എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
