ജമാഅത്തെ ഇസ്‍ലാമിയുമായി രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസമില്ല, ഉള്ളത് ആശയപരമായ വ്യത്യാസം -ജിഫ്രി മുത്തുക്കോയ തങ്ങൾ
text_fieldsകോഴിക്കോട്: ജമാഅത്തെ ഇസ്‍ലാമിയുമായി തങ്ങൾക്കുള്ളത് ആശയപരമായ അഭിപ്രായ വ്യത്യാസമാണെന്നും രാഷ്ട്രീയപരമായല്ലെന്നും സമസ്ത നേതാവ് ജിഫ്രി മുത്തുകോയ തങ്ങള്‍. തെരഞ്ഞെടുപ്പിൽ അവരുടെ നിലപാട് സംബന്ധിച്ച് സമസ്ത അഭിപ്രായം പറയാനില്ല. അവരുടെ നിലപാട് അവരോട് ചോദിക്കുക. നന്മ ചെയ്യുന്നവരോട് നല്ല നിലയിൽ നിൽക്കും, അത് യു.ഡി.എഫ് ആയാലും എൽ.ഡി.എഫ് ആയാലും ശരി -തങ്ങൾ വ്യക്തമാക്കി.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‍ലാമിയെ കുറിച്ചോ ഹിന്ദു മഹാസഭയെ കുറിച്ചോ ചർച്ച ചെയ്യാനില്ല. സമസ്ത ആർക്കും രാഷ്ട്രീയമായി പിന്തുണ നൽകാറില്ല. വ്യക്തികൾക്ക് അവരവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ടുചെയ്യാം. വോട്ടിങ് സ്വകാര്യമായ കാര്യമാണ്. നാലാളെ കൂട്ടി ആരും വോട്ടുചെയ്യാൻ പോകാറില്ല. മറയുടെ ഉള്ളിൽ വെച്ച് സ്വകാര്യമായാണ് വോട്ടുചെയ്യുന്നത്. ഉമർ ഫൈസി മുക്കം പറയുന്നത് അയാളുടെ വ്യക്തിപരമായ അഭിപ്രായമാണ്. അയാൾ പറഞ്ഞത് എന്നോട് ചോദിക്കേണ്ടതില്ല. രാഷ്ട്രീയ പാർട്ടികളോടുള്ള സമസ്തയുടെ നിലപാടിൽ ഒരുമാറ്റവുമില്ല. ഇവിടെ വലിയ ഗ്രന്ഥാലയമുണ്ട്. ആരെങ്കിലും പഠിക്കാൻ വന്നാൽ അത് പഠിപ്പിച്ചു കൊടുക്കലും മതവിധി ചോദിക്കുന്നവർക്ക് അത് പറഞ്ഞുകൊടുക്കലുമാണ് തങ്ങളുടെ പണി -അദ്ദേഹം പറഞ്ഞു.
സ്കൂൾ സമയമാറ്റം മദ്റസ സമയത്തെ ചെറിയ നിലയിൽ ബാധിക്കും. സമയമാറ്റം പിൻവലിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പ് സമയം ആയതിനാൽ ഇപ്പോൾ മാറ്റുമോ എന്നറിയില്ല. മുഖ്യമന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ട പല കാര്യങ്ങളും അദ്ദേഹം സശ്രദ്ധം കേട്ട്, ചിന്തിച്ച് നല്ല തീരുമാനമാണ് എടുത്തിരുന്നത്. ഈ വിഷയത്തിലും അത്തരത്തിൽ തീരുമാനമെടുക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.