സേവ് ദി ഡേറ്റ് ചിത്രങ്ങളും വിഡിയോയും പ്രതിരോധമാക്കി യുവാക്കൾ
text_fieldsകൊച്ചി: പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യം മുഴുവൻ പലതരത്തിലുള്ള പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ശക്തമാകുമ്പോൾ തങ്ങളുടെ വിവാഹഒരുക്കവും സമരമാർഗമാക്കുകയാണ് നാല് ചെറുപ്പക്കാർ. അടുത്തിടെ വിവാഹിതരാകുന്ന ഇവരുടെ സേവ് ദി ഡേറ്റ് ചിത്രങ്ങളും വിഡിയോയുമാണ് രാജ്യത്തെ വിഭജിക്കുന്ന നിയമത്തിനെതിരെയുള്ള പ്രതിരോധ ആയുധമാകുന്നത്.
ഈ മാസം 29ന് വിവാഹിതരാകുന്ന കോഴിക്കോട് തിക്കോടി സ്വദേശി ഷിജിനും കോഴിക്കോട് നടുവണ്ണൂർക്കാരിയായ ചാന്ദ്നി വർഷയുമാണ് നിയമത്തിനെതിരെ സേവ് ദ ഡേറ്റിലൂടെ ആദ്യം മുന്നോട്ടുവന്നത്. ‘വിദ്വേഷത്തിെൻറ പ്രത്യയശാസ്ത്രങ്ങൾ കടലെടുക്കട്ടെ, വിഭജനത്തിെൻറ രാഷ്ട്രീയം കാറ്റിൽ കലങ്ങട്ടെ, കൊടുങ്കാറ്റിൽ ചിതറട്ടെ, വി റിജക്ട് സി.എ.എ, സ്റ്റാൻഡ് ഫോർ സെക്കുലറിസം’ എന്ന സന്ദേശത്തോടെയാണ് ഇവർ സേവ് ദ ഡേറ്റ് ഫോട്ടോ ഫേസ്ബുക്കിലിട്ടത്. ഇതേ ആശയവുമായി ചെയ്ത വിഡിയോ യുട്യൂബിലുമുണ്ട്.

ജനുവരി 31ന് വിവാഹിതരാകുന്ന തിരുവനന്തപുരം ശിശുക്ഷേമ സമിതി ജീവനക്കാരനായ ജി.എൽ. അരുൺ ഗോപിയും കൊല്ലം അഞ്ചൽ സ്വദേശി ആശ ശേഖറും അവതരിപ്പിച്ച സേവ് ദി ഡേറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടു. അരുൺ നോ സി.എ.എ എന്നെഴുതിയ ബാനറും ആശ നോ എൻ.ആർ.സി എന്നെഴുതിയ ബാനറും പിടിച്ച് ‘വിഭജനത്തിെൻറ പുതിയ കാലത്ത് കൈകോർത്ത് നടക്കുന്നതിനെക്കാൾ വലിയ രാഷ്ട്രീയമില്ല...ഞങ്ങൾ ഒരുമിക്കുന്നു’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച സേവ് ദ ഡേറ്റ് ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

നിയമത്തിനെതിരെ മറ്റും പ്രതിരോധം തീർക്കുന്ന ദേശീയ തലത്തിലുള്ള ഫേസ്ബുക്ക് പേജുകൾപോലും ഇവരുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. വിവാഹാഘോഷത്തിനിടെ നിയമത്തിനെതിരെ പ്ലക്കാർഡുകളും മറ്റുമായി പ്രതിഷേധിക്കുന്ന നിരവധി വധൂവരന്മാരുടെ ചിത്രങ്ങളും ഫേസ്ബുക്കിൽ വൈറലാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
