സേവ് ബോക്സ് തട്ടിപ്പ് നടൻ ജയസൂര്യയെ സാക്ഷിയാക്കി ഇ.ഡി കുറ്റപത്രം സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ
text_fieldsകൊച്ചി: ഓൺലൈൻ ലേല ആപ്പായ സേവ് ബോക്സ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ സാക്ഷിയാക്കി ഇ.ഡിയുടെ കുറ്റപത്രം. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസികള്‍ നല്‍കാമെന്ന പേരിലും ആപ്പിന്റെ മറവിലും പലരിൽനിന്നായി പണം തട്ടി കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന കേസിലാണ് സ്ഥാപന ഉടമ സ്വാതിക് റഹീം, സി. തസ്ലിം, സേവ് ബോക്സ് കമ്പനി എന്നിവരെ പ്രതിയാക്കി എൻഫോഴ്സ് ഡയറക്ടററേറ്റ് (ഇ.ഡി) എറണാകുളം പി.എം.എൽ.എ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ജയസൂര്യക്ക് പുറമെ ഭാര്യ സരിതയും സാക്ഷിയാണ്. കേസിൽ ആകെ 11 സാക്ഷികളാണുള്ളത്. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ.
ഓൺലൈൻ ലേലത്തിലൂടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കുറഞ്ഞ വിലക്ക് സ്വന്തമാക്കാമെന്ന പ്രചാരണം നൽകി 2019ലാണ് സേവ് ബോക്സ് ആപ്പ് രംഗത്തെത്തിയത്. സേവ് ബോക്സ് എന്ന പേരിൽ മൊബൈൽ ആപ്പും കമ്പനി പുറത്തിറക്കി. ലേലത്തിൽ പങ്കെടുക്കാൻ സേവ് ബോക്സ് നൽകുന്ന വിർച്വൽ കോയിനുകൾ പണം കൊടുത്ത് വാങ്ങുകയും ഈ കോയിനുകൾ ഉപയോഗിച്ച് ലേലം നടത്തുന്നതുമായിരുന്നു രീതി. രാജ്യത്തെതന്നെ ആദ്യ ഓണ്‍ലൈന്‍ ലേല ആപ്പ് എന്നതടക്കമുള്ള പ്രചാരണമാണ് തട്ടിപ്പിനായി നടത്തിയത്.
തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സ്വാതിഖ് റഹീം രണ്ടുവർഷം മുമ്പ് തൃശൂർ ഈസ്റ്റ് പൊലീസിന്റെ പിടിയിലായതോടെയാണ് ഇ.ഡി അന്വേഷണം തുടങ്ങിയത്. തുടർന്ന് ബ്രാൻഡ് അംബാസഡറായിരുന്ന ജയസൂര്യയിലേക്കും അന്വേഷണം നീണ്ടു. സേവ് ബോക്സിൽനിന്ന് ജയസൂര്യയുടെ അക്കൗണ്ടിലേക്ക് 39 ലക്ഷം രൂപ ലഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ ഭാഗമാണ് ഇതെന്ന രീതിയിലായിരുന്നു ജയസൂര്യക്കെതിരായ അന്വേഷണം. രണ്ടുതവണ ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഭാര്യ സരിതയേയും വിളിപ്പിച്ചു. മാത്രമല്ല, ജയസൂര്യയുടെയും ഭാര്യയുടെയും പേരിലുള്ള 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ താൽക്കാലികമായി ഇ.ഡി കണ്ടുകെട്ടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

