സൗദി ബാലെൻറ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി
text_fieldsകോട്ടയം: കുമരകത്തെ റിസോർട്ടിെൻറ സിമ്മിങ് പൂളിൽ മരിച്ച സൗദി ബാലെൻറ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. എറണാകുളം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം ചെയ്ത് ശനിയാഴ്ച വൈകീട്ട് 5.50നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് സൗദിയിലേക്ക് കൊണ്ടുപോയത്. കുടുംബവും ഒപ്പമുണ്ടായിരുന്നു.
അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ റിസോർട്ട് ജീവനക്കാരുടെ മൊഴി കുമരകം പൊലീസ് രേഖപ്പെടുത്തി. കുട്ടിയുടെ മരണം ഷോക്കേറ്റാണെന്ന പിതാവിെൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് 6.45ന് വേമ്പനാട്ടുകായൽ തീരത്തുള്ള അവേദ റിസോർട്ടിലെ കുട്ടികളുടെ സിമ്മിങ് പൂളിലാണ് സൗദി ജിദ്ദ സ്വദേശി ഇബ്രഹിം ഹമീദാദിെൻറ മകൻ അലാദീൻ ഇബ്രാഹിം (നാല്) മരിച്ചത്. കുളിക്കുന്നതിനിടെയായിരുന്നു അപകടം. വൈദ്യുതാഘാതത്തെത്തുടർന്ന് മുങ്ങിത്താഴുകയായിരുന്നുവെന്നാണ് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. കഴിഞ്ഞദിവസം ഫോറൻസിക് വിദഗ്ധരും റിസോർട്ടിൽ പരിശോധന നടത്തിയിരുന്നു.വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂവെന്ന് കുമരകം എസ്.ഐ ജി. രാജൻ കുമാർ പറഞ്ഞു. തിങ്കളാഴ്ച മാത്രമേ പോസ്റ്റ്േമാർട്ടം റിപ്പോർട്ട് ലഭിക്കുകയുള്ളൂ. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അലാദിൻ മരിക്കാനിടയായത് വൈദ്യുതാഘാമേറ്റാണെന്ന് ആരോപണം ഉയർന്നതിനെത്തുടർന്ന് ജില്ല ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിവ് ഓഫിസിൽനിന്ന് വിദഗ്ധരെത്തി സിമ്മിങ് പൂളിലെ ലൈറ്റുകൾ പ്രവർത്തിപ്പിക്കുന്ന ലൈനുകൾ പരിശോധിച്ചു. പ്രാഥമിക പരിശോധനയിൽ വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യത കണ്ടെത്താനായില്ലെന്ന് ഇൻസ്പെക്ടർ പി.വി. അലക്സ് അറിയിച്ചു. സ്വിമ്മിങ് പൂളിലെ വെള്ളത്തിൽനിന്ന് ഒരാൾക്ക് മാത്രമായി വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യതയില്ലെന്നും വിശദീകരിച്ചു. അതേസമയം, നാലടിയോളം വെള്ളമുള്ള കുളത്തിൽ കുട്ടി മുങ്ങിത്താഴുന്നതായി മലയാളിയായ വിനോദസഞ്ചാരിയുടെ ശ്രദ്ധയിൽപെട്ടിരുന്നു.
കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച വിനോദസഞ്ചാരിക്ക് വൈദ്യുതാഘാതമേറ്റതിനെത്തുടർന്ന് ശ്രമം ഉപേക്ഷിച്ചതായി റിസോർട്ട് ജീവനക്കാരൻ പൊലീസിനോട് പറഞ്ഞിരുന്നു. ഇതും രണ്ടും തമ്മിൽ പൊരുത്തമില്ലാത്തത് പൊലീസിനെ കുഴക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
