കോട്ടയം: ക്രൈസ്തവ സഭകൾ ബി.ജെ.പിയോട് സമരസപ്പെടുന്നുവെന്ന വിമർശനവുമായി എറണാകുളം അതിരൂപത മുഖപത്രമായ സത്യദീപം. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആര്‍.എസ്.എസ് അജണ്ടകള്‍ക്ക് അതിവേഗം വഴിപ്പെടുന്ന ബി.ജെ.പി ഭരണനേതൃത്വത്തോട് നിക്ഷിപ്ത താൽര്യങ്ങള്‍ക്ക് അടിപ്പെട്ട് സമരത്തിലാകാതെ സഭ സമരസപ്പെടുന്നുവെന്ന വിമർശനമാണ് സത്യദീപം ഉയർത്തുന്നത്. ഇത് ജനാധിപത്യ വിരുദ്ധ സന്ദേശമാണ് നൽകുന്നതെന്നും മുഖപ്രസംഗം പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുമെന്ന അറിയിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ് സത്യദീപത്തിന്‍റെ വിമർശനം. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയില്‍ ഇന്ത്യയിലേക്കുള്ള ക്ഷണം മാത്രമല്ല, ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആസൂത്രിതാതിക്രമവും ചര്‍ച്ചയാകുമോ എന്നാണ് അറിയേണ്ടത്. സ്റ്റാൻ സ്വാമിയെ പോലുള്ളവർക്ക് രാജ്യത്ത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും സത്യദീപം മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.
മതനിരപേക്ഷ ഭാരതത്തില്‍ മതഭൂരിപക്ഷത്തിന്‍റെ പ്രതിനിധിയും പ്രതീകവുമായി ജനനായകര്‍ മാറിത്തീരുന്നത് അപലപനീയമാണ്. രാമക്ഷേത്ര നിര്‍മണ മേല്‍നോട്ടച്ചുമതല പ്രധാനമന്ത്രിതന്നെ നേരിട്ട് നിര്‍വ്വഹിക്കുവോളം ഭാരതം അതിന്‍റെ മതരാഷ്ട്രീയച്ചായ്‌വ് പ്രകടിപ്പിച്ച് കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ ക്രൈസ്തവര്‍ക്കെതിരെ ആസൂത്രിതമായ അക്രമങ്ങള്‍ വളരെ വ്യാപകമായി വർധിക്കുന്നുവെന്ന വസ്തുതാ പഠന റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍ അത്യധികം ആശങ്കാജനകമാണെന്നും മുഖപ്രസംഗം പറയുന്നു.