ഈ സ്നേഹം കണ്ടാൽ സതീശൻ വക്കീൽ കുപ്പായമിട്ട് പിണറായിക്ക് വേണ്ടി ഹൈകോടതിയിൽ ഹാജരായേക്കും -ബി.ജെ.പി
text_fieldsതിരുവനന്തപുരം: കാഞ്ചനയ്ക്ക് മൊയ്തീനോടുള്ള സ്നേഹത്തേക്കാൾ വലുതാണ് വിഡി സതീശിന് പിണറായി വിജയനോടുള്ള സ്നേഹമെന്ന് ബി.ജെ.പി നേതാവ് ബി.ബി. ഗോപകുമാർ. എങ്ങനെയെങ്കിലും പിണറായിക്കെതിരെ എഫ്ഐആർ ഒഴിവാക്കുക, കേസ് ഒഴിവാക്കുക എന്നതാണ് വിഡി സതീശൻ ഗവൺമെന്റിന്റെ നയം. പ്രതിയുടെ കൂടി ഭാഗം കേട്ടിട്ടാണോ എഫ്ഐആർ ഇടുന്നത്. ഇപ്പോഴത്തെ അവരുടെ അടുപ്പവും സ്നേഹവും ഒക്കെ കണ്ടാൽ നാളെ വീണ്ടും വക്കീൽ കുപ്പായമിട്ട് കേരള ഹൈക്കോടതിയിൽ പിണറായിക്ക് വേണ്ടി വി.ഡി. സതീശൻ ഹാജരാകുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘അത്രമാത്രം കരുതലും സ്നേഹവുമാണ് ഇവർ തമ്മിൽ. ഒരു കാരണവശാലും പിണറായിക്കെതിരെ കേസെടുക്കാൻ പാടില്ല എന്ന തരത്തിലേക്കാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ നിലപാട്. നിയമസഭയിൽ എസ്ഐആറുമായി ബന്ധപ്പെട്ട പ്രമേയം രണ്ടു കൂട്ടരും ഒരുമിച്ചാണ് അവതരിപ്പിച്ചത്. ഇവർ നിയമസഭക്കകത്ത് ഇപ്പോൾ അങ്ങോട്ടുമിങ്ങോട്ടും ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണ്. അഴിമതി സംബന്ധിച്ച വിഷയത്തിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണത്. വിഡി സതീശൻ സർക്കാർ അധികാരത്തിൽ വന്നിട്ട് ജനോപകാരപ്രദമായ ഒരു നടപടിയും എടുത്തിട്ടില്ല. ജനങ്ങളെ സഹായിക്കുന്ന ഒരു കാര്യവും ചെയ്തിട്ടില്ല.
ജനവിരുദ്ധ നിലപാടുകൾ എടുക്കുന്നതിൽ ഈ രണ്ടു മുന്നണികളും ഒരുപോലെയാണ്. പിണറായിയുടെ അഴിമതി അടക്കമുള്ള കാര്യങ്ങൾ മറച്ചുവെക്കാൻ എസ്ഐആറിനെ ഉപയോഗിക്കുകയാണ്. അതുകൊണ്ടാണ് എസ്ഐആർ അംഗീകരിക്കുന്നില്ലെങ്കിൽ നിങ്ങൾ രാജിവയക്കാൻ തയ്യാറുണ്ടോ എന്ന് ഞങ്ങൾ നിയമസഭയിൽ ചോദിച്ചത്.
നൂറിലധികം സീറ്റുമായി ഞങ്ങൾ അധികാരത്തിൽ വരും എന്നായിരുന്നു തെരഞ്ഞെടുപ്പിനു മുമ്പ് വിഡി സതീശന്റെ അവകാശവാദം. അങ്ങനെയാണെങ്കിൽ അന്ന് ഇലക്ഷൻ കമ്മീഷണർ ആയിരുന്ന ഇപ്പോഴത്തെ അദ്ദേഹത്തിന്റെ സെക്രട്ടറി തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. വേറെ ആരും 100 സീറ്റ് കിട്ടും എന്ന് പറഞ്ഞിട്ടില്ല. ഇലക്ഷൻ കമ്മീഷൻ സ്വാധീനിച്ചിട്ടാണോ അദ്ദേഹം അധികാരത്തിൽ വന്നത്’ -ബി.ബി. ഗോപകുമാർ ചോദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

