ഗ്യാനേഷ് കുമാർ ജനാധിപത്യത്തിന് വധശിഷ ‘വിധിച്ചു’; ബിജെപി ഏജന്റെന്നും വിമർശിച്ച് വിഡി സതീശൻ
text_fieldsവി.ഡി സതീശൻ, ഗ്യാനേഷ് കുമാർ
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരായ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്നും ഇന്ത്യൻ ജനാധിപത്യത്തിന് വധശിഷ വിധിച്ച ഗ്യാനേഷ് കുമാറിന് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഗ്യാനേഷ് കുമാറിനെതിരെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണ്. ഗ്യാനേഷ് കുമാർ ബി.ജെ.പി ഏജന്റായി പ്രവർത്തിച്ചു എന്നതിന് ഇനിയും തെളിവുകൾ വേണ്ട. ജനാധിപത്യത്തെ ബി.ജെ.പിക്ക് വേണ്ടി അട്ടിമറിക്കുന്ന ഏജന്റായിരുന്നു ഗ്യാനേഷ് കുമാറെന്ന് തെളിഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയെ ബി.ജെ.പിക്ക് കച്ചവടം നടത്തിയ ഗ്യാനേഷ് കുമാറിനെ ഇന്ത്യൻ ജനാധിപത്യത്തിന് വധശിഷ വിധിച്ചയാളെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നും സതീശൻ വാർത്ത കുറിപ്പിൽ അറിയിച്ചു.
രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിൽ ഇരുന്ന് ജനാധിപത്യത്തെ അട്ടിമറിച്ച ഗ്യനേഷ് കുമാർ ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുത്. തെരഞ്ഞെടുപ്പ് പ്രാകിയയുടെ ശുദ്ധിയെ പറ്റി ഭരണഘടന തന്നെ വ്യക്തമാക്കുന്നുണ്ട്. അങ്ങേയറ്റം സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമീഷനെ സംഘ്പരിവാറിന്റെ തൊഴുത്തിൽ കെട്ടിയ ക്രിമിനൽ ബുദ്ധിയുള്ള ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കും.
തെരഞ്ഞെടുപ്പ് കമീഷന്റെ സുതാര്യത, സത്യസന്ധത, നിഷ്പക്ഷത, ഉയർന്ന ജനാധിപത്യ ബോധം ഇവയെല്ലാം ഗ്യാനേഷ് കുമാർ അട്ടിമറിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞതെല്ലാം ഇപ്പോൾ സത്യമായി. ബി.ജെ.പിയുമായി പരസ്പര സഹകരണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാക്കി തെരഞ്ഞെടുപ്പ് കമീഷനെ അധഃപതിപ്പിച്ച ഗ്യാനേഷ് കുമാർ ഇനിയും സ്ഥാനത്ത് തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തെ കളങ്കപ്പെടുത്തുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഗ്യാനേഷ് കുമാർ രാജ്യത്തെ ഒന്നാം നമ്പർ ക്രിമിനലാണെന്നും ഏറ്റവും വലിയ യൂദാസ് ആണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

