അടൂർ പ്രകാശിന്റെ വാദങ്ങൾ തള്ളി വി.ഡി. സതീശൻ: സർക്കാറിന്റെ എല്ലാ തീരുമാനങ്ങളും പാർട്ടി നയങ്ങൾക്ക് അനുസരിച്ചെന്ന് മുഖ്യമന്ത്രി
text_fieldsമുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വാദങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാറിന്റെ എല്ലാ തീരുമാനങ്ങളും മുതിർന്ന നേതാക്കളുടെ അനുമതിയോടെ പാർട്ടി നയങ്ങൾക്ക് അനുസരിച്ചാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അടൂർ പ്രകാശിന് മുഖ്യമന്ത്രി പരോക്ഷമായി മറുപടി നൽകിയത്. ‘ഞാൻ വിമർശനങ്ങൾക്ക് അതീതനല്ല. പാർട്ടിയിലെ ആർക്കും എന്നെ വിമർശിക്കാനും തിരുത്താനും അധികാരമുണ്ട്. അവർ പറയുന്നതു ശരിയാണെങ്കിൽ ഞാൻ തിരുത്തും. പറയുന്നതു തെറ്റാണെങ്കിൽ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തും'.
'പുതിയ സർക്കാറിൽ ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും വലിയ പ്രതീക്ഷയാണുള്ളത്. പാർട്ടി പൂർണ പിന്തുണയാണ് നൽകുന്നത്. ഞാൻ ആരുമായും കാര്യങ്ങൾ ആലോചിക്കുന്നില്ലെന്നാണു ചിലർ പറയുന്നത്. പാർട്ടിയുടെ ഒരു പരിഛേദം തന്നെയാണ് മന്ത്രിസഭ. കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെ പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ പലരും മന്ത്രിസഭയിലുണ്ട്. നയപരമായ കാര്യങ്ങൾ പാർട്ടി നേതാക്കളുമായി ആലോചിക്കും. അതാണു നടപ്പാക്കുന്നത്.
ദൈനംദിന ഭരണനിർവഹണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയുമായി ആലോചിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.സി. വേണുഗോപാലുമായി ഒരു ഭിന്നതയുമില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന കോടതി നിർദേശത്തിൽ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
യു.ഡി.എഫ് യോഗം വിളിക്കാതെയും തന്നെ അറിയിക്കാതെയുമാണു സർക്കാർ പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നായിരുന്നു മുന്നണി കൺവീനർ അടൂർ പ്രകാശ് പറഞ്ഞിരുന്നത്. സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒരിക്കൽ മാത്രമാണ് യു.ഡി.എഫ് യോഗം ചേർന്നതെന്നും പല കാരണങ്ങൾ കൊണ്ടും യോഗം നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടേയും പിന്തുണ ചോദിച്ചല്ല താൻ ഒന്നും തുറന്നു പറഞ്ഞതെന്നും എ.ഐ.സി.സിയെ ഇക്കാര്യങ്ങൾ അറിയിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
'യു.ഡി.എഫിനുള്ളിൽ സംഘർഷമില്ല. കഴിഞ്ഞ ദിവസം പറഞ്ഞതെല്ലാം പറയേണ്ടി വന്നു എന്നത് യാഥാർഥ്യമാണ്. ആരുടേയും പിന്തുണ ചോദിച്ചല്ല ഞാൻ ഒന്നും പറഞ്ഞത്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിലുള്ള പ്രതികരണം മാത്രമാണ് നടത്തിയത്. എല്ലാം എ.ഐ.സി.സിയെ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ അറിയിക്കും. എന്നെ നിയോഗിച്ചത് എ.ഐ.സി.സിയാണ്. അതുകൊണ്ട് അവരെ അറിയിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. വിമർശന ചേരിയിൽ ഇപ്പോൾ ഞാൻ ഒറ്റക്കാണ്. ആരുടേയും പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

