‘മൂന്ന് മണിക്ക് ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി...’, പൊന്നാനിയിലെ വിവാദത്തിൽ വിശദീകരണവുമായി വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്തു എന്ന ആരോപണങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ . മഴക്കെടുതിയെക്കുറിച്ചുള്ള വിവരം പുലർച്ചെ അഞ്ച് മണിക്ക് തന്നെ അറിഞ്ഞിരുന്നുവെന്നും അന്നേരം മുതൽ റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, വിവിധ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ, കലക്ടർമാർ, എം.എൽ.എമാർ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തം നടന്ന സ്ഥലങ്ങളിൽ നേരിട്ട് എത്തേണ്ട ആവശ്യമുണ്ടോ എന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നുവെന്നും എന്നാൽ അതിന്റെ ആവശ്യമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടിക്കായി പൊന്നാനിയിലേക്ക് പോയത്. യാത്രയിലുടനീളം കലക്ടർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. എൻ.ഡി.ആർ.എഫ് സേനയെ എത്തിക്കുന്നതിനും നാവികസേനയുടെ ഹെലികോപ്റ്ററിനായി ശ്രമിക്കുന്നതിനും കോസ്റ്റ് ഗാർഡിന്റെ ബോട്ട് മുതലപ്പഴിയിൽ എത്തിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ പങ്കെടുത്തത് ഒരു സൽക്കാരത്തിലല്ലെന്നും മറിച്ച് ഉച്ചഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്തതെന്നും സതീശൻ വിശദീകരിച്ചു. മലപ്പുറം പൊന്നാനിയിലെ ഹരിദാസിന്റെ വീടിന് അടുത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് വൈകിട്ട് മൂന്ന് മണിക്ക് ഭക്ഷണം കഴിച്ചത്. വീട്ടുകാർ താൻ വരുന്നതും കാത്ത് മൂന്ന് മണി വരെ ഭക്ഷണം കഴിക്കാതെ ഇരിക്കുകയായിരുന്നുവെന്നും ആ സാഹചര്യത്തിലാണ് ഭക്ഷണം കഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒരു വശത്ത് പ്രളയത്തിന്റെ ദൃശ്യങ്ങളും മറുവശത്ത് താൻ ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും ചേർത്ത് വാർത്തകൾ നൽകുന്നത് ഔചിത്യമില്ലായ്മയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു ഹീനമായ അപവാദ പ്രചരണമാണെന്നും മുഖ്യമന്ത്രിക്ക് ഭക്ഷണം കഴിക്കാൻ പാടില്ലേ എന്നും അദ്ദേഹം ചോദിച്ചു. 2018ലും 2019ലും ദുരന്തം ഉണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി നിരാഹാരം ഇരിക്കുകയായിരുന്നോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
താൻ ഇതിലും വലിയ പ്രളയങ്ങൾ കണ്ടിട്ടുള്ള ആളാണെന്നും 75,000ഓളം പേരെ തന്റെ മണ്ഡലത്തിലും പുറത്തുമായി ക്യാമ്പുകളിൽ താമസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആദ്യത്തെ മൂന്ന് ദിവസം സർക്കാർ സഹായം എത്തുന്നതിന് മുൻപ് തന്നെ കടം വാങ്ങി ക്യാമ്പുകളിൽ സാധനങ്ങൾ എത്തിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തതിനെ ആയിരുന്നു വിമര്‍ശനം ഉയർന്നിരുന്നത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലായിരുന്നു മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനായി എത്തിയത്. ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ഇതിന് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഡോ. പി. സരിന് അടക്കമുള്ളവരും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തി. ‘കനത്ത കാലവര്‍ഷക്കെടുതികള്‍ക്കിടയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഇന്ന് പൊന്നാനി എം.എൽ.എയോടൊപ്പം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ അപൂര്‍വ ദൃശ്യങ്ങള്‍’ എന്ന് പറഞ്ഞ് സരിന് വിരുന്നിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. നേരത്തേ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദമായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ പൊന്നാനി യാത്രയും വിവാദമായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

