പുനർജനിയിൽ ‘ക്ലീൻ ചിറ്റ്’ തർക്കം; ക്രമക്കേടില്ലെന്ന് വി.ഡി. സതീശൻ, കുറ്റമുക്തനാക്കിയിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ
text_fieldsവി.ഡി. സതീശൻ, എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേടില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയത് കഴിഞ്ഞ സർക്കാറിന്റെ കാലത്താണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. യു.ഡി.എഫ് സർക്കാർ ഒരു അന്വേഷണവും നടത്തിയിട്ടില്ല. വിജിലൻസ് അന്വേഷിക്കണമെന്ന് 2020ൽ നിയമസഭയിൽ താനാണ് ആവശ്യപ്പെട്ടത്- ഒരു അന്വേഷണത്തിലും കുറ്റം കണ്ടെത്താനായില്ല -സതീശൻ പറഞ്ഞു.
എന്നാൽ, കേസിൽ വി.ഡി. സതീശൻ കുറ്റവിമുക്തനാണെന്ന് ഇടത് സർക്കാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. തൊടുപുഴ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഭാര്യയും വീടും നഷ്ടപ്പെട്ട് കോളപ്രയിൽ മകൾക്കൊപ്പം താമസിക്കുന്ന രവിയെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. പുനർജനിയിൽ കുറ്റവിമുക്തനാണെന്ന് ആഭ്യന്തര മന്ത്രിയെക്കൊണ്ട് മുഖ്യമന്ത്രി പറയിപ്പിക്കുകയായിരുന്നു. കോടതിയിൽ ഇപ്പോഴും കേസ് നിലനിൽക്കുകയാണ്. പുനർജനിയുടെ ഭാഗമായി പിരിച്ച പണം എവിടെയാണ്? 216 വീട് കൊടുക്കുമെന്ന് പറഞ്ഞെങ്കിലും ഒരു വീടെങ്കിലും കൊടുത്തത് തെളിയിക്കാൻ വി.ഡി. സതീശന് കഴിയുമോയെന്ന് ഗോവിന്ദൻ ചോദിച്ചു.
അതേസമയം, വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഒരു ക്രമക്കേടും നടന്നിട്ടില്ലെന്ന റിപ്പോർട്ട് കഴിഞ്ഞ സർക്കാർ അംഗീകരിച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനു ശേഷമുണ്ടായ പരാതികൾ ഹൈകോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളി. താൻ പ്രതിപക്ഷ നേതാവായ ശേഷം 2023ൽ അന്നത്തെ സർക്കാർ വീണ്ടും പരാതി എഴുതി വാങ്ങി അന്വേഷിച്ചു. 2023 ജൂൺ 14ന് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് അടക്കം ആരോപണങ്ങൾക്ക് തെളിവില്ലെന്നും ആരോപണങ്ങൾ നിലനിൽക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
രണ്ട് വിജിലൻസ് ഡയറക്ടർമാരാണ് റിപ്പോർട്ടുകൾ നൽകിയത്. താൻ മുഖ്യമന്ത്രിയായ ശേഷമല്ല ഇവ നൽകിയത്. അഴിമതി നിരോധന നിയമം നിലനിൽക്കില്ലെന്ന് ഒരു ഡയറക്ടറും വിദേശനാണ്യ വിനിമയ ചട്ടലംഘനമില്ലെന്ന് രണ്ടാമത്തെ ഡയറക്ടറും റിപ്പോർട്ട് നൽകി. പിന്നാലെയാണ് സി.ബി.ഐ അന്വേഷണമെന്ന വാർത്ത അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ടത്. വിജിലൻസിന് കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത കേസിൽ സി.ബി.ഐ അന്വേഷണം അസാധ്യമെന്ന നിയമോപദേശം സർക്കാറിന് ലഭിച്ചു. ഈ റിപ്പോർട്ടുകളെല്ലാം കിട്ടിയിട്ടും കേസ് തീർപ്പാക്കാതെ പുകമറയുണ്ടാക്കി.
രാഷ്ട്രീയ വേട്ടയാടലാണ് ഇതെന്ന് ഉറപ്പല്ലേ. പുനർജനിയിൽ എത്ര പേർക്ക് വീട് നൽകി, എത്ര ധനസഹായം നൽകി തുടങ്ങിയ വിവരങ്ങൾ വിജിലൻസിന് നൽകിയിട്ടുണ്ട്. തയ്യൽ മെഷീനുകളും ലാപ്ടോപ്പുകളും കാലിത്തീറ്റയുമെല്ലാം നൽകി. തെരഞ്ഞെടുപ്പിന് മുമ്പ് ആറ് മാസം എനിക്കെതിരെ സി.പി.എം കാമ്പയിൻ നടത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഇത് തുടരുന്നു. അതിന് ജനങ്ങൾ തെരഞ്ഞെടുപ്പിൽ നല്ല മറുപടി നൽകിയിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
അതേസമയം, ഒരുദിവസം പോലും നുണ പറയാതെ ശരിയാകാത്ത അവസ്ഥയാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് ഗോവിന്ദൻ വിമർശിച്ചു. മന്ത്രിമാർ സ്ത്രീവിരുദ്ധ മാനസികാവസ്ഥയിലാണ്. ഇതാണ് പ്രിയദർശിനി ബസുമായി ബന്ധപ്പെട്ട പരാമാർശത്തിൽ കാണുന്നത്. സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ പരിതാപകരമാണ്.
2018-9ൽ പ്രളയകാലത്ത് ഇടത് സർക്കാറിന് ഏകോപനം ഉണ്ടായിരുന്നു. എന്നാൽ, നിലവിൽ സർക്കാർ സംവിധാനങ്ങൾക്ക് ഏകോപനമില്ല. മുഖ്യമന്ത്രി വി.ഡി. സതീശൻ പറയുന്നത് താൻ മൂന്ന് മണിക്കല്ലേ ഭക്ഷണം കഴിച്ചത് എന്നാണ്. പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ധാരണ അദ്ദേഹത്തിനില്ല. ഭക്ഷണം നൽകാൻ സന്നദ്ധ സംഘടനകൾ തയാറാണെന്നും ഇതിൽ സി.പി.എമ്മിന് രാഷ്ട്രീയമില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

