'വിലപേശലിന് വഴങ്ങില്ല, തൊഴുത്തിൽ കൊണ്ടുപോയി കെട്ടുന്നതിനേക്കാൾ നല്ലത് ഇതങ്ങ് പിരിച്ചുവിടുന്നതാണ്'; അൻവറിന് മുന്നിൽ വീണ്ടും വാതിലടച്ച് സതീശൻ
text_fieldsതിരുവനന്തപുരം: പി.വി. അൻവറിന്‍റെ മുന്നണി പ്രവേശന നീക്കത്തിനെതിരെ കർശന നിലപാട് തുടർന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. വാതിലടച്ചത് യു.ഡി.എഫ് കൂട്ടായെടുത്ത തീരുമാനമാണെന്നും തെരഞ്ഞെടുപ്പിന് ശേഷം ആ വാതിൽ തുറക്കാനുള്ള ഒരു സാഹചര്യവുമില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
യു.ഡി.എഫ് ഉണ്ടാക്കിയത് കരുണാകരനെയും എ.കെ. ആൻറണിയെയും ഉമ്മൻ ചാണ്ടിയെയും സി.എച്ചിനെയും പോലുള്ള പ്രമുഖരാണ്. ഈ നേതാക്കളുടെയും ലക്ഷക്കണക്കിന് പ്രവർത്തകരുടെയും അഭിമാനം ആർക്കെങ്കിലും മുന്നിൽ അടിയറ വെച്ച് യു.ഡി.എഫിനെ ആരുടെയെങ്കിലും തൊഴുത്തിൽ കൊണ്ടുപോയി കെട്ടുന്നതിനേക്കാൾ നല്ലത് ഇതങ്ങ് പിരിച്ചുവിടുന്നതാണെന്നും സതീശൻ വ്യക്തമാക്കി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശങ്ങൾ.
വിലപേശൽ രാഷ്ട്രീയത്തിന് വഴങ്ങുന്ന പ്രശ്നമില്ല. താൽക്കാലിക ലാഭത്തിനുവേണ്ടി വഴങ്ങിയാൽ എപ്പോഴും വഴങ്ങിക്കൊടുത്തു കൊണ്ടേയിരിക്കേണ്ടി വരും. രാഷ്ട്രീയം അങ്ങനെ കടുംപിടുത്തത്തിന്റെയോ വാശിയുടെയോ അല്ല എന്നറിയാം. പക്ഷേ, ചില കാര്യങ്ങളിൽ നിലപാടുകൾ ഉണ്ടാകണം.
തങ്ങളാരും അൻവറിനെ ചവിട്ടി പുറത്താക്കിയതല്ല. പിണറായി സർക്കാറിനെതിരെ പ്രതിഷേധിച്ചിറങ്ങിയ ഒരാളെ യു.ഡി.എഫ് അക്കൗണ്ട് ചെയ്തില്ല എന്ന പ്രശ്നം ഉയർന്നുവരുമായിരുന്നു. പക്ഷേ പിന്നീടുണ്ടായ കാര്യങ്ങൾ എല്ലാവർക്കും അറിയാം. തനിക്കെതിരെ എന്തെല്ലാം പറഞ്ഞു. അൻവറിനോടുള്ള നിലപാട് പറയാൻ നേതൃത്വം തന്നെ ഏൽപിച്ചതാണ്. അത് മറ്റാരുടെയും തലയിൽ കെട്ടിവെക്കാൻ പറ്റില്ലെന്നും സതീശൻ പറഞ്ഞു. ജനവിധിക്കുശേഷം പി.വി. അൻവറിനോട് കോൺഗ്രസിലെ ഒരുവിഭാഗം മൃദുസമീപനത്തിലേക്ക് മടങ്ങുമ്പോഴാണ് സതീശൻ നിലപാട് കടുപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

